സ്വന്തം ലേഖകന്‍: പാക് യുദ്ധ വിമാനങ്ങളെ അരിഞ്ഞിട്ട ഇന്ത്യന്‍ വ്യോമസേനയിലെ ഏക ഫൈവ് സ്റ്റാര്‍ എയര്‍ മാര്‍ഷല്‍ അര്‍ജന്‍ സിംഗ് അന്തരിച്ചു. 98 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, എന്നിവര്‍ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.
വ്യോമസേനയുടെ ചരിത്രത്തില്‍ തന്നെ ഫൈവ് സ്റ്റാര്‍ റാങ്ക് കരസ്ഥമാക്കിയ ഏക ഉദ്യോഗസ്ഥനാണ് മാര്‍ഷല്‍ അര്‍ജന്‍ സിംഗ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച രാവിലെയാണ് അദ്ദേഹത്തെ ദില്ലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ജന്‍ സിംഗിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാം നാഥ് കോവിന്ദ് തുടങ്ങിയവര്‍ അനുശോചനം രോഖപ്പെടുത്തി.
1938 ലാണ് അര്‍ജുന്‍ സിംഗ് വ്യോമസേന ഉദ്യോഗസ്ഥനായി ചുമതലയേല്‍ക്കുന്നത്. 1964 മുതല്‍ 1969 വരെ ഇന്ത്യന്‍ വ്യോമസേനയുടെ തലവനായിരുന്നു. 1965ല്‍ പാക്കിസ്ഥാനെതിരായ യുദ്ധത്തില്‍ പങ്കെടുത്ത അദ്ദേഹം പിന്നീട് വ്യോമസേനയുടെ ഏറ്റവും ഉയര്‍ന്ന സ്ഥാനമായ മാര്‍ഷല്‍ പദവിയും സ്വന്തമാക്കി. നാല്‍പത്തിയഞ്ചാം വയസ്സില്‍, 1964 ഓഗസ്റ്റ് ഒന്നിനാണ്, അര്‍ജന്‍ സിങ് ഇന്ത്യന്‍ വ്യോമസേനയുടെ തലപ്പത്ത് എത്തുന്നത്.
തൊട്ടുപിന്നാലെ എത്തിയ 1965 ലെ ഇന്ത്യാ പാക് യുദ്ധത്തില്‍ ആകാശത്ത് തുടക്കത്തില്‍ പാകിസ്താന്‍ സ്വന്തമാക്കിയ മേല്‍ക്കൈ തകര്‍ത്ത് പാക് വ്യോമസേനയുടെ നട്ടെല്ലൊടിച്ചത് അര്‍ജുന്‍ സിംഗിന്റെ തന്ത്രങ്ങളായിരുന്നു. യുദ്ധസമയത്ത് ഇന്ത്യന്‍ വ്യോമസേനയുടെ പക്കലുണ്ടായിരുന്നതു ബ്രിട്ടിഷുകാര്‍ ഉപേക്ഷിച്ചുപോയ മിസ്റ്റീര്‍, കാന്‍ബെറ, നാറ്റ്, ഹണ്ടര്‍, വാംപയര്‍ തുടങ്ങിയ യുദ്ധ വിമാനങ്ങള്‍ മാത്രം. എന്നാല്‍ പാകിസ്ഥാന്റെ കയ്യിലാകട്ടെ സ്റ്റാര്‍ഫൈറ്റര്‍, സാബര്‍ജെറ്റ് തുടങ്ങിയ ആധുനിക വിമാനങ്ങളും ഏറ്റവും പുതിയ റഡാര്‍ സംവിധാനവും പോരാത്തതിന് അമേരിക്കയുടെ കനത്ത പിന്തുണയും.
പ്രത്യാക്രമണത്തിന് അന്നത്തെ പ്രതിരോധ മന്ത്രി വൈ.ബി. ചവാന്‍ പച്ചക്കൊടി കാണിച്ചതോടെ ഇന്ത്യന്‍ യുദ്ധ വിമാനങ്ങള്‍ പാക് നഗരങ്ങളില്‍ നാശം വിതച്ചു തുടങ്ങി. കശ്മീര്‍ താഴ്‌വര പ്രദേശങ്ങളെ തന്ത്രപരമായി ഉപയോഗപ്പെടുത്തിയ അര്‍ജുന്‍ സിംഗിന്റെ തന്ത്രത്തിനു മുന്നില്‍ പാക് റഡാറുകള്‍ അടിയറവു പറഞ്ഞു. വ്യോമസേനയെ അതിവിദഗ്ധമായി അര്‍ജന്‍ നിയോഗിച്ചതു യുദ്ധത്തിന്റെ ഗതി തന്നെ മാറ്റിമറിക്കുകയായിരുന്നു.
പരാജയം മണത്ത പാകിസ്താന്‍ തങ്ങളുടെ യുദ്ധ വിമാനങ്ങളെല്ലാം അഫ്ഗാനിസ്ഥാനിലെ ഒരു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായാണ് ചരിത്രം. എന്നാല്‍ യുദ്ധം തുടങ്ങി അധികം വൈകാതെ തന്നെ ഐക്യരാഷ്ട്ര സഭ ഇടപെട്ട് വെടിനിര്‍ത്തല്‍ കരാറുണ്ടാക്കിയത് തിരിച്ചടിയായി. മൂന്നു ദിവസം കൂടി കഴിഞ്ഞിരുന്നെങ്കില്‍ യുദ്ധത്തില്‍ ഇന്ത്യ വിജയക്കൊടി പാറിച്ചേനേയെന്നാണ് ഇതിനെപ്പറ്റി അര്‍ജന്‍ സിങ് പിന്നീടൊരു അഭിമുഖത്തില്‍ പറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല