സ്വന്തം ലേഖകന്‍: അന്വേഷണ സംഘത്തിനു നേരെ രൂക്ഷ വിമര്‍ശനളുമായി കാവ്യ മാധവന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, മാഡം എന്ന കഥാപാത്രം താനാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമമെന്ന് ആരോപണം. നടി ആക്രമിക്കപ്പെട്ട കേസില്‍ തന്നെ കാരണമില്ലാതെ അറസ്റ്റ് ചെയ്യുമോ എന്ന ആശങ്കയുള്ളതിനാലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതെന്നും കാവ്യ വ്യക്തമാക്കിയിട്ടുണ്ട്.
ദിലീപിന്റെ അഭിഭാഷകന്‍ ബി.രാമന്‍പിള്ള മുഖേന ഹൈക്കോടതിയിലാണ് കാവ്യ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കാവ്യയുടെ ജാമ്യഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുമായി കാവ്യയ്ക്ക് ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പള്‍സര്‍ സുനിയും ഇക്കാര്യം തുറന്ന് സമ്മതിക്കുകയും ചെയ്തു. താന്‍ പറഞ്ഞ മാഡം കാവ്യയാണെന്നും അവര്‍ക്ക് ഗുഢാലോചനയെക്കുറിച്ച് അറിവില്ലായിരുന്നു എന്നുമാണ് സുനി പറഞ്ഞത്.
എന്നാല്‍ പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ സുനിയെ അറിയില്ലെന്ന നിലപാടാണ് കാവ്യ സ്വീകരിച്ചത്. ഇതിന് വിരുദ്ധമായ തെളിവുകള്‍ പോലീസിന് ലഭിച്ചുവെന്ന് മനസിലാക്കിയാണ് കാവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്വേഷണ സംഘത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഹര്‍ജിയിലുള്ളത്. അന്വേഷണം പക്ഷപാതപരമാണെന്നും തനിയ്‌ക്കെതിരെ ദുഷ്‌ലാക്കോടെയാണ് അന്വേഷണ സംഘം പ്രവര്‍ത്തിക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
അന്വേഷണ ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ അംഗീകരിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊഴി പ്രകാരം മാഡം എന്നൊരു കഥാപാത്രത്തെ കൃത്രിമമായി ഉണ്ടാക്കാന്‍ ശ്രമമുണ്ട്. അത് താനാണെന്ന് വരുത്തിത്തീര്‍ക്കാനാണ് നീക്കം. ആസൂത്രിതമായാണ് പള്‍സര്‍ സുനി ഒരോ വെളിപ്പെടുത്തലും നടത്തുന്നത്. ദിലീപിന്റെ ഭാര്യയാണെന്ന കാരണം കൊണ്ടാണ് തന്നെ വേട്ടയാടുന്നത്.
ചലച്ചിത്രമേഖലയിലുളള ആരും തനിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചലച്ചിത്രരംഗത്ത പ്രബലരായ ചിലരും അടങ്ങുന്ന സംഘം നടത്തിയ ഗൂഢാലചനയുടെ ഫലമാണ് ഇപ്പോഴത്തെ കേസെന്നും കാവ്യ ഹര്‍ജിയില്‍ ആരോപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കാക്കനാട് കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന വസ്ത്ര സ്ഥാപനത്തില്‍ സുനില്‍ എത്തിയിരുന്നെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല