സ്വന്തം ലേഖകന്‍: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ചെക്ക് ബുക്കുകള്‍ ഒക്ടോബര്‍ 1 വരെ മാത്രം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കുന്നതിന് മുമ്പ് എസ്.ബി.ടി ഉപഭോക്താക്കള്‍ക്ക് നല്കിയ ചെക്കുകള്‍ ഈ മാസം 30 വരെ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കു. ഒക്ടോബര്‍ ഒന്നു മുതല്‍ സ്റ്റേറ്റ് ബാങ്കിന്റെ അസോസിയേറ്റ് ബാങ്കുകളുടെ ചെക്കുകളൊന്നും സ്വീകരിക്കില്ല. ലയന നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് എസ്ബിടി ഇടപാടുകാര്‍ക്ക് നല്കിയ ചെക്ക് ബുക്കുകള്‍ പിന്‍വലിക്കുന്നത്.
അടുത്ത മാസം ഒന്നിന് ശേഷമുള്ള തിയതികളിലെ പണമിടപാടുകള്‍ക്കായി മാറാനുള്ള എസ്.ബി.ടിയുടെ ചെക്കുകള്‍ കൈപ്പറ്റിയവര്‍ക്ക് അത് മാറാനും സാധിക്കില്ല. ഇവര്‍ പുതിയ ചെക്കുകള്‍ വാങ്ങണം.എസ്.ബി.ടിയുടെ ചെക്ക് ബുക്കുകള്‍ ഉപയോഗിച്ചിരുന്നവര്‍ക്കെല്ലാം എസ്.ബി.ഐയുടെ ചെക്ക് ബുക്കുകള്‍ അയച്ചുകൊടുത്തിട്ടുണ്ടെന്ന് എസ്.ബി.ഐ അറിയിച്ചു. ഇത് ലഭിക്കാത്തവര്‍ ഉണ്ടെങ്കില്‍ അതാത് ബ്രഞ്ചുകളുമായി ബന്ധപ്പെട്ട് പുതിയ ചെക്ക് ബുക്കുകള്‍ വാങ്ങാം.
എ.ടി.എം കൗണ്ടറുകള്‍ വഴിയും ഇന്റര്‍നെറ്റ് ബാങ്കിങ് വെബ്സൈറ്റ് വഴിയും ചെക്ക് ബുക്കിന് റിക്വസ്റ്റ് നല്കാന് സാധിക്കും. എസ്.ബി.ടി നല്കിയ പാസ്ബുക്ക്, എ.ടി.എം/ഡെബിറ്റ് കാര്‍ഡ് എന്നിവ തുടര്‍ന്നും ഉപയോഗിക്കാം. ലയനത്തിന് പിന്നാലെ എസ്.ബി.ടി ശാഖകളുടെ ഐ.എഫ്.എസ്. കോഡ് മാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പഴയ ഐ.എഫ്.എസ് കോഡും സ്വീകരിക്കുന്നുണ്ട്. ഒക്ടോബര്‍ ഒന്നുമുതല്‍ പുതിയ കോഡ് മാത്രമേ ഉപയോഗിക്കാനാവൂ എന്നും എസ്.ബി.ഐ അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല