സ്വന്തം ലേഖകന്‍: ലണ്ടന്‍ മെട്രോയിലെ പൊട്ടിത്തെറി,ഗൂഡാലോചന നടത്തിയെന്ന് സംശയിക്കുന്ന രണ്ട് യുവാക്കള്‍ പിടിയില്‍. ലണ്ടനിലെ പാര്സന്സ് ഗ്രീന്‍ മെട്രോ സ്റ്റേഷനിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് പടിഞ്ഞാറന്‍ ലണ്ടനില്‍ നിന്നും ശനിയാഴ്ച രാത്രി ഒരു 21 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബ്രിട്ടന് ടെററിസം ആക്ട് പ്രകാരമാണ് അറസ്റ്റ്. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല.
സ്ഫോടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം 18 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ അറസ്റ്റുകള്‍ അന്വേഷണത്തിന്റെ നിര്‍ണായക വഴിത്തിരുവുകള്‍ ആണെന്ന് സ്കോലന്‍ഡ് യാര്‍ഡ് പറഞ്ഞു. ഭീകരാക്രമണ സാധ്യത മുന്നില്‍ക്കണ്ട് നഗരത്തില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കെയാണ് അറസ്റ്റ്. അതിനിടെ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.
മെട്രോ സ്റ്റേഷനില്‍ വെള്ളിയാഴ്ച രാവിലെ ഉണ്ടായ ബക്കറ്റ് ബോംബ് സ്ഫോടനത്തില്‍ 29 ഓളം പേര്‍ക്കാണ് പരുക്കേറ്റത്. ഭൂഗര്‍ഭ ട്രെയിനിന്റെ പിറക് വശത്ത് ഒരു ബക്കറ്റില്‍ സൂക്ഷിച്ച സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. ബ്രിട്ടനില്‍ ഈ വര്‍ഷം നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്. മെട്രോസ്റ്റേഷന് സ്ഫോടനം രാജ്യത്തിന് എതിരെയുളള ഭീഷണിയുടെ തോതിനെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഉയര്‍ത്തിയതായി പ്രധാനമന്ത്രി തെരേസാ മെയ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല