സ്വന്തം ലേഖകന്‍: പാരിസ് കാലാവസ്ഥാ ഉടമ്പടിയോട് മുഖം തിരിക്കുന്ന സമീപനം തുടരുമെന്ന് യുഎസ്. കാലാവസ്ഥ ഉടമ്പടിയോടുള്ള നിലപാട് മയപ്പെടുത്തുന്നെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയ യു.എസ് രാജ്യത്തിന് കൂടുതല്‍ അനുകൂലമായ നിബന്ധനകള്‍ ഉടമ്പടിയില്‍ കൊണ്ടുവരാത്ത പക്ഷം അതില്‍ നിന്ന് വിട്ടുനില്ക്കുകയെന്ന തീരുമാനം തുടരുമെന്ന് വ്യക്തമാക്കി. ഉടമ്പടിയുടെ നിബന്ധനകള്‍ യു.എസ് പുനരവലോകനം ചെയ്യുമെന്ന മുതിര്‍ന്ന യൂറോപ്യന്‍ കാലാവസ്ഥ ഉദ്യോഗസ്ഥന്റെ പ്രസ്താവന വാള് സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ട പശ്ചാത്തലത്തിലാണ് വൈറ്റ് ഹൗസ് ഇത് നിഷേധിച്ച് രംഗത്തു വന്നത്.
2015ല്‍ രൂപം കൊണ്ട ആഗോള ഉടമ്പടിയില്‍ നിന്ന് അമേരിക്കയെ പിന്‍വലിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ജൂണില്‍ പ്രഖ്യാപിച്ചിരുന്നു. യു.എസിന്റെ പരമാധികാരത്തെയും സമ്പദ്ഘടനയെയും പരിഗണിച്ചാണ് ഈ തീരുമാനം എന്നായിരുന്നു വാദം. പിന്മാറ്റത്തിനുള്ള ഔദ്യോഗിക അപേക്ഷ യു.എന്‍ മുമ്പാകെ കഴിഞ്ഞ മാസം സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, ഇതിന്റെ നടപടിക്രമങ്ങള്‍ 2020 ഓടെ മാത്രമേ പൂര്‍ത്തിയാവൂ.
2100 ഓടെ ആഗോള ഊഷ്മാവ് രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ പരിമിതപ്പെടുത്തുക എന്നതാണ് പാരിസ് ഉടമ്പടിയുടെ ദീര്‍ഘകാലാടിസ്ഥാനത്തിനുള്ള ലക്ഷ്യം. ഇതു നേടിയെടുക്കുന്നതിനായി ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ ആഗോളതലത്തില്‍ 2050 തോടെ 40, 70 ശതമാനമാക്കി കുറച്ചുകൊണ്ടു വരേണ്ടതുണ്ട്. എന്നാല്‍, ഉടമ്പടിയുടെ ലക്ഷ്യത്തിന് വലിയ തോതില്‍ വിഘാതമാവുന്നതാണ് അമേരിക്കയുടെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല