സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ബോര്‍ഡിങ് പാസിനു പകരം ബയോമെട്രിക് എക്സ്പ്രസ് ചെക്ക് ഇന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ. നിലവിലുള്ള ബോര്‍ഡിങ് പാസ് സംവിധാനം നിര്‍ത്തലാക്കണമെന്ന് സി.ഐ.എസ്.എഫ് കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. സുതാര്യമായ യാത്ര ഉറപ്പാക്കാനാണ് ബയോമെട്രിക് സഹായത്തോടെയുള്ള എക്സ്പ്രസ് ചെക്ക് ഇന്‍ സംവിധാനം പകരം വരുന്നത്.
രാജ്യത്തെ 59 വിമാനത്താവളങ്ങളിലും ഏകീകൃതമായ ബോര്‍ഡിങ് കാര്‍ഡ് രഹിത സേവനം ലഭ്യമാക്കാനുള്ള സാങ്കേതിക സംവിധാനം ഒരുക്കാനുള്ള തയാറെടുപ്പിലാണെന്ന് സി.ഐ.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ ഒ.പി. സിങ് പറഞ്ഞു. ഇതിനായി രണ്ട് പദ്ധതികളാണ് തയാറാക്കുന്നത്. ആദ്യത്തേത് വിമാനത്താവളങ്ങളില്‍ ഏകീകൃത സുരക്ഷ സംവിധാനം ഒരുക്കലാണ്. രണ്ടാമത്തെ പദ്ധതി, പരിശോധനകള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡുകള്‍ ഏര്‍പ്പെടുത്തുകയാണ്.
ആദ്യ പദ്ധതി പ്രകാരം ഒരു സുരക്ഷാ സ്ഥാപനത്തിനു കീഴില്‍ എല്ലാ വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കണം. ഇതിന് ബയോമെട്രിക്, ദൃശ്യ അപഗ്രഥനം, ശക്തമായ പ്രവേശന നിയന്ത്രണ സംവിധാനങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കാം. ഈ ദിശയിലുള്ള നവീകരിച്ച സംവിധാനമാണ് ഹൈദരാബാദില്‍ നടപ്പാക്കിയത്. പൂര്‍ണമായും ബയോമെട്രിക്സില്‍ അധിഷ്ഠിതമായ സേവനമാണ് ഇവിടെയുള്ളത്.
ഇത് മറ്റു വിമാനത്താവളങ്ങളിലേക്ക് വ്യാപിപ്പിക്കലാണ് ലക്ഷ്യം. രാജ്യത്തെ 17 വിമാനത്താവളങ്ങളില്‍ ഈയിടെ ഹാന്‍ഡ് ബാഗേജ് ടാഗ് സംവിധാനം നിര്‍ത്തലാക്കിയിരുന്നു. ഇതിനു പുറമെ 10 ഇടങ്ങളില്‍കൂടി ഈ മാസമോ ഒക്ടോബര്‍ അവസാനമോ ഹാന്‍ഡ് ബാഗേജ് ടാഗ് സമ്പ്രദായം നിര്‍ത്തലാക്കുമെന്നും ഒപി സിങ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല