സ്വന്തം ലേഖകന്‍: മുങ്ങി മരിച്ച പിഞ്ചു കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് റോഹിംഗ്യന്‍ യുവതി, ലോകത്തിന്റെ കണ്ണീരായി ബംഗ്ലാദേശില്‍ നിന്നുള്ള ചിത്രം. ഹമീദ എന്ന യുവതിയാണ് മരിച്ച കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പൊട്ടിക്കരയുന്നത്. മ്യാന്മറില് നിന്നും ജീവനും കൊണ്ട് ബംഗ്ലാദേശിലേക്ക് പാലായനം ചെയ്യുന്നതിനിടെ ബോട്ടു മറിഞ്ഞ് ഹമീദയുടെ കുഞ്ഞ് മരിക്കുകയായിരുന്നു. റോയിട്ടേഴ്സ് ഫോട്ടോഗ്രാഫര്‍ മൊഹമ്മദ് പോനിര് ഹൊസൈനാണ് ചിത്രം പകര്‍ത്തിയത്.
നാല്പത് ദിവസം മാത്രമായിരുന്നു കുഞ്ഞിന്റെ പ്രായം. ഹമീദയും ഭര്‍ത്താവ് നാസിര്‍ അഹമ്മദും രണ്ടു കുട്ടികളും ഉള്‍പ്പെടെ പതിനെട്ടോളം പേര് ചെറിയൊരു വള്ളത്തിലാണ് ബംഗ്ലാദേശിലെ ഷാ പൊരിര് ദ്വീപിലേക്ക് പാലയനം ചെയ്തത്. എന്നാല്‍ യാത്ര പൂര്‍ത്തിയാകുന്നത് തൊട്ടു മുന്‍പ് ഇവരുടെ ബോട്ട് തകരുകയായിരുന്നു. ഹമീദയുടെ കൈയില്‍ നിന്നും കുഞ്ഞ് വെള്ളത്തില്‍ വീണ് മരിക്കുകയും ചെയ്തു.
സംഭവ സ്ഥലത്തേക്ക് താന്‍ എത്തുമ്പോള്‍ കുഞ്ഞിനെ ചേര്‍ത്ത് കരയുന്ന ഹമീദയേയും മറ്റ് റോഹിങ്ക്യകളേയുമാണ് കാണുന്നതെന്ന് മൊഹമ്മദ് പറഞ്ഞു. നിമിഷങ്ങള്‍ക്കുള്ളില്‍ ഹമീദയുടേയും കുഞ്ഞിന്റേയും ചിത്രം പകര്‍ത്തുകയായിരുന്നു. കരളലിയിപ്പിക്കുന്ന രംഗമായിരുന്നു അതെന്ന് മൊഹമ്മദ് പറഞ്ഞു. കൂടി നില്ക്കുന്ന റോഹിങ്ക്യകള്‍ക്ക് ഇടയിലൂടെ കുഞ്ഞുമായി നടന്നു നീങ്ങുന്ന നാസിറിന്റെ ഒരു ചിത്രവും മൊഹമ്മദ് പകര്‍ത്തിയിട്ടുണ്ട്. ഇവരുടെ മറ്റൊരു കുട്ടി അപകട നില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല