സ്വന്തം ലേഖകന്‍: അല്‍ ഖായിദ ബന്ധം, ഡല്‍ഹിയില്‍ ബ്രിട്ടീഷ് പൗരന് അറസ്റ്റില്‍. ഭീകര സംഘടനയായ അല്‍ ഖായിദയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ബ്രിട്ടിഷ് പൗരന് ഷൗമന്‍ ഹഖിനെ (27) ഡല്‍ഹി പൊലീസാണ് കസ്റ്റ്ഡിയില്‍ എടുത്തത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ വികാസ് മാര്ഗില്നിന്നാണു ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. കോടതി 30 വരെ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ബംഗ്ലദേശില്‍ ജനിച്ച ഹഖ് നാലു വര്‍ഷമായി അല്‍ ഖായിദയുടെ ഭാഗമാണെന്നു പൊലീസ് പറഞ്ഞു. ബംഗാള്‍, ജാര്‍ഖണ്ഡ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് ഇയാള്‍ ആളുകളെ ഭീകര സംഘടനയിലേക്ക് ചേര്‍ത്തെന്നാണു വിവരം. ദക്ഷിണാഫ്രിക്കയിലും സിറിയയിലും ഷൗമന്‍ ഭീകര പ്രവര്‍ത്തനം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
തോക്ക്, നാലു വെടിയുണ്ടകള്‍, ബംഗ്ലദേശ് കറന്‍സി, ഫോണ്‍, സിം കാര്‍ഡ് എന്നിവയും ബിഹാറിലെ കിഷന്‍ഗഞ്ച് വിലാസത്തിലുള്ള തിരിച്ചറിയല്‍ കാര്‍ഡും കണ്ടെടുത്തിട്ടുണ്ട്. ബംഗ്ലാദേശ് വഴിയാണ് ബ്രിട്ടീഷ് പൗരന് ഇന്ത്യയില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഇയാള്‍ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് ഒപ്പമല്ല എത്തിയതെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
2013ല്‍ ബ്രിട്ടണ് വിട്ട ഇയാള്‍, പിന്നീട് വിവിധ രാജ്യങ്ങളില്‍ പോയ ശേഷം 2014ല്‍ ബംഗ്ലാദേശില്‍ എത്തുകയായിരുന്നു. കഴിഞ്ഞ മാസങ്ങളില്‍ ഭീകര സംഘടനയുമായി ബന്ധമുളള നിരവധി ആളുകളെ രഹസ്യാന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു. ഷൗഹാന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് ഹൈക്കമ്മീഷണറുമായി ബന്ധപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല