സ്വന്തം ലേഖകന്‍: ഭാര്യയെ പീഡിപ്പിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്ന പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ ശുപാര്‍ശ. ഇത്തരക്കാരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുകയോ കണ്ടുകെട്ടുകയോ ചെയ്യാന്‍ എന്‍.ആര്‍.ഐ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിക്കുന്ന സ്ത്രീകളുടെ പരാതികളെക്കുറിച്ച് പഠിക്കാന്‍ റിട്ട. ജസ്റ്റിസ് അരവിന്ദ് കുമാര്‍ ഗോയലിന്റെ നേതൃത്വത്തില്‍ നിയോഗിച്ച സമിതിയാണ് വിദേശകാര്യ മന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയത്.
ഗാര്‍ഹിക പീഡനം കുറ്റവാളി കൈമാറ്റ കരാറിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ശുപാര്‍ശയും സമിതി മുന്നോട്ടു വെച്ചിട്ടുണ്ട്. ഭാര്യമാരെ പീഡിപ്പിക്കുകയോ ഉപേക്ഷിച്ചു പോവുകയോ ചെയ്യുന്ന ഭര്‍ത്താക്കന്മാരെ വിദേശത്തുനിന്ന് പിടികൂടി നിയമ നടപടികള്‍ക്ക് വിധേയരാക്കാന്‍ നിലവില്‍ നിരവധി പരിമിതികളുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ വിദേശകാര്യ മന്ത്രാലയവും വനിത, ശിശുവികസന മന്ത്രാലയവും ചേര്‍ന്നാണ് നിയമ ഭേദഗതിക്ക് ഒരുങ്ങുന്നത്.
പാസ്‌പോര്‍ട്ട് റദ്ദാക്കുന്നതിനൊപ്പം പ്രവാസി വിവാഹ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാനും ശുപാര്‍ശയുണ്ട്. സാമൂഹിക സുരക്ഷ നമ്പര്‍ വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തും. ഉപേക്ഷിക്കപ്പെട്ട ഭാര്യമാര്‍ക്ക് നിയമ നടപടിക്ക് നല്‍കുന്ന സാമ്പത്തിക സഹായം ഇരട്ടിപ്പിച്ച് 6000 ഡോളറായി ഉയര്‍ത്തണമെന്നതാണ് മറ്റൊരു ശുപാര്‍ശ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല