സ്വന്തം ലേഖകന്‍: ശക്തമായ ഭൂകമ്പത്തില്‍ കുലുങ്ങി വിറച്ച് മെക്സിക്കോ, മരിച്ചവരുടെ എണ്ണം 119 ആയി. മെക്സിക്കന്‍ തലസ്ഥാന നഗരമായ മെക്സിക്കോ സിറ്റിയെ പിടിച്ചു കുലുക്കിയ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 7.1 രേഖപ്പെടുത്തി. ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുകയും തീപിടിത്തമുണ്ടാകുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഇവയ്ക്കുള്ളില്‍ ആള്ക്കാര് കുടുങ്ങിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ആയിരക്കണക്കിനു ജനങ്ങള്‍ ഓഫിസുകളും വീടുകളും ഉപേക്ഷിച്ച് തെരുവിലേക്ക് ഓടിയിറങ്ങി. മെക്സിക്കോ സിറ്റിയില്‍നിന്ന് നൂറു കിലോമീറ്ററോളം അകലെ പ്യുഏബ്ല സംസ്ഥാനത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പങ്ങള്‍ തുടര്‍ക്കഥയായ മെക്സിക്കോയില്‍ ഈ മാസമാദ്യം ഉണ്ടായ വന്‍ ഭൂചലനത്തില്‍ 90 ഓളം പേര് കൊല്ലപ്പെട്ടിരുന്നു.
തകര്‍ന്ന കെട്ടിടങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ പുറത്തെടുക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തകര്‍ന്നു വീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ നിരവധി പേര് കുടുങ്ങി കിടക്കുന്നതിനാല്‍ മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് മെക്സിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആയിരങ്ങള്‍ കൊല്ലപ്പെട്ട 1985 ലെ ഭൂകമ്പത്തിന്റെ വാര്ഷികമായിരുന്ന് വീണ്ടും ഭൂചലനം ഉണ്ടായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല