സ്വന്തം ലേഖകന്‍:ഡൊമനിക്കയെ കശക്കിയെറിഞ്ഞ് മരിയ ചുഴലിക്കാറ്റ്, ഡൊമനിക്കന്‍ പ്രധാനമന്ത്രിയുടെ വീടിന്റെ മേല്‍ക്കൂര പറന്നു പോയി, കരീബിയന്‍ മേഖലയില്‍ കനത്ത നാശനഷ്ടം. അറ്റ്ലാന്റിക് സമുദ്രത്തിന്റെ പടിഞ്ഞാറ് ശനിയാഴ്ച രൂപംകൊണ്ട മരിയ ചുഴലിക്കാറ്റ് ഡൊമിനികയില്‍ ആഞ്ഞടിച്ചതോടെ രാജ്യത്തുടനീളം വ്യാപകമായ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. തന്റെ വീട് പ്രളയത്തില്‍ മുങ്ങിയെന്നും മേല്‍ക്കൂര കാറ്റില്‍ പറന്നുപോയെന്നും ഡൊമനിക്കന്‍ പ്രധാനമന്ത്രി റൂസ്വെല്‍റ്റ് സ്കെറിറ്റ് ഫേസ്ബുക്കില്‍ കുറിച്ചു.
തിങ്കളാഴ്ച രാത്രിയാണ് മരിയ ഡൊമിനിക്കയില്‍ കരതൊട്ടത്. മണിക്കൂറില്‍ 260 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റ് അതീവ വിനാശകാരിയായ കാറ്റഗറി അഞ്ചിലാണ് ഇപ്പോഴുള്ളത്. നേരത്തേ കാറ്റിന്റെ വേഗം കാറ്റഗറി നാലിലേക്ക് താഴ്ന്നിരുന്നെങ്കിലും വീണ്ടും അഞ്ചിലേക്ക് തിരിച്ചെത്തി. ഇര്‍മയുടെ അതേപാതയിലാണ് മരിയയും വീശുന്നത്. ഡൊമിനിക്കയില്‍ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് യു.എസ്. നാഷണല്‍ ഹറികെയ്ന്‍ സെന്റര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഡൊമിനിക്കയിലെ എല്ലാ തുറമുഖങ്ങളും വിമാനത്താവളങ്ങളും അടച്ചിട്ടിരിക്കുകയാണ്. തീരപ്രദേശത്തുള്ളവരോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. കാറ്റഗറി മൂന്നിലായിരിക്കും മരിയയെന്നായിരുന്നു പ്രവചിച്ചിരുന്നത്. 72,000ത്തില്‍ കൂടുതല്‍ ആളുകളാണ് ഒരുകാലത്ത് ബ്രിട്ടീഷ് കോളനിയായിരുന്ന ഡൊമിനികയില്‍ കഴിയുന്നത്. മരിയ ആഞ്ഞു വീശിയതോടെ രാജ്യത്ത് നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്. വിര്‍ജിന്‍ ദ്വീപുകളിലും പ്യൂട്ടോറികോയിലും ബുധനാഴ്ചയോടെ മരിയ എത്തുമെന്നാണ് മുന്നറിയിപ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല