സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ആണവ മിസൈല്‍ രഹസ്യങ്ങള്‍ അമേരിക്ക ചോര്‍ത്തി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എഡ്വേര്‍ഡ് സ്നോഡന്. ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്ന ആണവ മിസൈലുകളായ സാഗരിക, ധനുഷ് എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ 2005 ല്‍ തന്നെ അമേരിക്കയ്ക്ക് ലഭിച്ചിരുന്നുവെന്നാണ് സ്നോഡന് പറയുന്നത്. അമേരിക്കന്‍ വാര്‍ത്ത വെബ്സൈറ്റ് ദി ഇന്റര്‍സെപ്റ്റ് ഈ രേഖകള്‍ ഈയിടെ പ്രസിദ്ധീകരിച്ചിരുന്നു. 2005 ല്‍ ഇന്ത്യയുടെ പക്കലുണ്ടായിരുന്ന മറ്റു ബോംബുകളെകുറിച്ചും സുപ്രധാന വിവരങ്ങള്‍ അമേരിക്കയ്ക്ക് ലഭിച്ചിരുന്നുവെന്ന് ഈ രേഖകളില്‍ പറയുന്നു.
കഴിഞ്ഞ സെപ്തംബര്‍ 14 ന് ദി ഇന്റര്സെപ്റ്റ്സ് പ്രസിദ്ധീകരിച്ച 294 ലേഖനങ്ങളുടെ കൂട്ടത്തിലും ഇന്ത്യന്‍ മിസൈലുകളെ കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്‍എസ്എയില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലേഖനം പുറത്തുവന്നിരിക്കുന്നത്. 2008 ലാണ് സാഗരിക ആണവ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. 700 കിലോമീറ്ററിലേറെ ദൂര പരിധിയുള്ള ഈ മിസൈല്‍ 1990 കളിലാണ് വികസിപ്പിച്ചു തുടങ്ങിയത്. പരീക്ഷിക്കുന്നതിന് മൂന്ന് വര്‍ഷം മുമ്പ് തന്നെ സാഗരികയുടെ രഹസ്യവിവരങ്ങള്‍ അമേരിക്കയ്ക്ക് ലഭിച്ചിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ വര്‍ഷം പരീക്ഷിച്ച ധനുഷ് മിസൈലിനെ കുറിച്ചുള്ള വിവരങ്ങള്‍ 11 വര്‍ഷം മുമ്പ് യുഎസ് രഹസ്യമായി കൈവശപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ആയുധ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനായി അമേരിക്ക കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ് ദേശീയ സുരക്ഷാ ഏജന്‍സിയില്‍ (എന്‍എസ്എ) നിന്നു രഹസ്യവിവരങ്ങള്‍ ചോര്‍ത്തി അമേരിക്കയ്ക്കു തലവേദന സൃഷ്ടിച്ച എഡ്വേര്‍ഡ് സ്നോഡന് റഷ്യയില്‍ അഭയാര്‍ഥിയായി കഴിയുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല