സ്വന്തം ലേഖകന്‍: സൈനിക രംഗത്ത് സൗദിയും ബ്രിട്ടനും കൈകോര്‍ക്കുന്നു, നടപടി ഖത്തറിന്റെ സൈനിക ഉടമ്പടികള്‍ക്ക് ചുട്ട മറുപടി നല്കാന്. ബ്രിട്ടനില്‍ നിന്നും ജെറ്റ് വിമാനങ്ങള്‍ വാങ്ങാന്‍ ഖത്തര്‍ കരാര്‍ ഒപ്പിട്ട് രണ്ട് ദിവസങ്ങള്‍ക്കുള്ളിലാണ് സൗദിയുടെ നടപടി. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി മൈക്കിള്‍ ഫാലനുമാണ് ജിദ്ദയില്‍ കരാറില്‍ ഒപ്പുവെച്ചത്.
സൗദി രാജകുമാരന് മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി മൈക്കല്‍ ഫാളോണുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ സൗദി പ്രസ് ഏജന്‍സി വെളിപ്പെടുത്തിയിട്ടില്ല. പ്രതിരോധ സഹമന്ത്രി മുഹമ്മദ് അല്‍ആയിശ്, റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവ് ഫഹദ് അല്‍ഈസ, സായുധ സേനാ ഉപമേധാവി ജനറല്‍ ഫയാദ് അല്‍റുവൈലി, സൗദിയിലെ ബ്രിട്ടീഷ് അംബാസഡര്‍ സൈമണ്‍ കോളിസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
യൂറോപ്യന്‍ യൂണിയന് വിടാന്‍ വോട്ടു ചെയ്ത ശേഷം ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഉള്‍പ്പെടെ യൂറോപ്പിനു പുറത്ത് വ്യാപാര, ആയുധ കരാറുകള്‍ക്കായി ബ്രിട്ടന് നടത്തുന്ന തീവ്ര ശ്രമങ്ങളുടെ ഭാഗമായാണ് കരാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. യെമനില്‍ ഹൂത്തി വിമതര്‍ക്കെതിരായി സൗദി അറേബ്യയുടെ നേതൃത്വത്തില്‍ സഖ്യശക്തികള്‍ നടത്തിവരുന്ന യുദ്ധത്തിനും പുതിയ കരാര്‍ ശക്തി പകരും.
ബ്രിട്ടനില്‍ നിന്നുള്ള 24 ടൈഫൂണ്‍ ജെറ്റര്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഖത്തര്‍ ഞായറാഴ്ച കരാര്‍ ഒപ്പുവെച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല