സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ അഭയം തേടിയെത്തിയ റോഹിംഗ്യകളെ മ്യാന്മര് തിരികെ സ്വീകരിക്കണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന യുഎന്നില്‍, മ്യാന്മര് സൈന്യത്തെ വീണ്ടും ന്യായീകരിച്ച് ഓങ് സാന്‍ സൂചി, അന്താരാഷ്ട്ര തലത്തില്‍ ചൂടന്‍ ചര്‍ച്ചയായി റോഹിംഗ്യന്‍ ദുരന്തകഥ. ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭാസ മ്മേളനത്തില്‍ സംസാരിക്കവെയാണ് ബംഗ്ലാദേശിലേക്ക് കുടിയേറിയ റോഹിങ്ക്യന്‍ അഭയാര്‍ഥികളെ മ്യാന്മര് തന്നെ തിരിച്ചെടുക്കണമെന്ന് പ്രധാനമന്ത്രി ശൈഖ് ഹസീന ആവശ്യപ്പെട്ടത്.
റോഹിങ്ക്യകള്‍ നിങ്ങളുടെ പൗരന്മാരാണ്. അവരെ തിരിച്ച് വിളിച്ച് പാര്‍പ്പിടവും സംരക്ഷണവും നല്‍കണം. അവരെ ഉപദ്രവിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്തിട്ട് കാര്യമില്ലെന്നും ഹസീന പൊതുസഭയില്‍ പറഞ്ഞു. റോഹിങ്ക്യകള്‍ അവരുടെ മാതൃരാജ്യത്തിലേക്ക് മടങ്ങാതിരിക്കാന്‍ മ്യാന്മര് അതിര്‍ത്തിയില്‍ സൈന്യം കുഴിബോംബുകള്‍ സ്ഥാപിച്ചതായും ശൈഖ് ഹസീന വ്യക്തമാക്കി. അഭയാര്‍ഥികളെ തിരിച്ചെടുക്കാന്‍ നയതന്ത്രപരമായി മ്യാന്മറിനോട് ആവശ്യപ്പെടുമെന്നും ഹസീന പറഞ്ഞു. ബംഗ്ലാദേശിന്റെ അപേക്ഷയില്‍ മ്യാന്മര് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.
എന്നാല്‍ മ്യാന്മര് ഭരണാധികാരി ഓങ്സാന്‍ സൂചി പട്ടാളത്തെ ന്യായീകരിച്ച് രംഗത്തെത്തി. സെപ്റ്റംബര്‍ അഞ്ചിനുശേഷം റോഹിങ്ക്യകള്‍ക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനമായ റാഖൈനില്‍ കലാപമുണ്ടായിട്ടില്ലെന്നും പട്ടാളം മുസ്ലിം ന്യൂനപക്ഷത്തിനെതിരെ പുറത്താക്കല്‍ നടപടി കൈക്കൊണ്ടിട്ടില്ലെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് അവര്‍ പറഞ്ഞു. ഈ വിഷയത്തില്‍ അന്താരാഷ്ട്ര വിചാരണയെ ഭയമില്ല. ഭൂരിപക്ഷം റോഹിങ്ക്യ ഗ്രാമങ്ങളും അക്രമമുക്തമാണെന്ന് സൂചി അവകാശപ്പെട്ടു.
സൈന്യത്തോട് സംയമനം പാലിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തിരിച്ചടിയുടെ ഭാഗമായി വിനാശകരമായ ആക്രമണങ്ങള്‍ പാടില്ലെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മുസ്ലിംകളുടെ പലായനത്തെപ്പറ്റി ആശങ്കയുണ്ടെന്നും രേഖകള്‍ പരിശോധിച്ച് തിരിച്ചുവന്നാല്‍ അവരെ തിരിച്ചെടുക്കുമെന്നും സൂചി പറഞ്ഞു. ആഗസ്റ്റ് 25ന് അക്രമമുണ്ടായ ശേഷം ആദ്യമായാണ് സൂചി പ്രതികരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല