സ്വന്തം ലേഖകന്‍: പറക്കലിനിടെ സാങ്കേതിക തകരാര്‍, എയര്‍ ഇന്ത്യയുടെ മംഗലാപുരം, ദോഹ വിമാനം അടിയന്തിരമായി നിലത്തിറക്കി, യാത്രക്കാര്‍ സുരക്ഷിതര്‍. മംഗലാപുരം വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ട എയര്‍ ഇന്ത്യയുടെ വിമാനം ബോയിങ് 737 800 വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയത്. ദോഹയിലേക്ക് പുറപ്പെട്ട വിമാനത്തിലെ 173 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
മംഗലാപുരത്തു നിന്ന് ദോഹയിലേക്ക് വ്യാഴാഴ്ച വൈകിട്ട് 5.40ന് പുറപ്പെട്ട വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. യാത്രയ്ക്കിടെ സാങ്കേതിക പ്രശ്നം ശ്രദ്ധയില്‍പ്പെട്ട പൈലറ്റ് വിമാനം തിരിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്‍ജിനിലാണ് തകരാര്‍ സംഭവിച്ചതെന്നാണ് സൂചന. ആകാശത്തു വച്ച് വലിയൊരു ശബ്ദം കേട്ടെന്നാണ് ഇതിനെപ്പറ്റി ചില യാത്രക്കാര്‍ പ്രതികരിച്ചത്.
യാത്ര പുറപ്പെട്ട് 45 മിനിറ്റ് കഴിഞ്ഞപ്പോഴായിരുന്നു സംഭവം. തുടര്‍ന്ന് മംഗലാപുരം വിമാനത്താവളത്തിലേക്ക് വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്താന്‍ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. ആറരയോടെ വിമാനം തിരിച്ചിറക്കി. യാത്രക്കാര്‍ക്കോ വിമാനത്തിലെ ജീവനക്കാര്‍ക്കോ കുഴപ്പങ്ങളൊന്നും സംഭവിച്ചില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല