1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2017

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷം യുകെ ഇയുവുമായി ഒപ്പുവയ്ക്കാന്‍ ഉദ്ദേശിക്കുന്ന സുരക്ഷാ ഉടമ്പടിയുടെ കരട് രൂപം തയ്യാര്‍, വഴി മുട്ടിയ ചര്‍ച്ചകള്‍ മുന്നോട്ടു നീക്കാന്‍ പുതിയ നിര്‍ദേശങ്ങളുമായി തെരേസാ മേയ്. ബ്രെക്‌സിറ്റിനു ശേഷം ഇയുവുമായി ഒപ്പു വക്കാന്‍ ഉദ്ദേശിക്കുന്ന കരാര്‍ നിയമവാഴ്ച ഉറപ്പാക്കല്‍, സുരക്ഷ, ക്രിമിനല്‍ ജസ്റ്റിസ് എന്നീ വിഷയങ്ങള്‍ക്ക് നിയമപരമായ അടിത്തറ നല്‍കുമെന്നാണ് ബ്രിട്ടീഷ് അധികൃതരുടെ പ്രതീക്ഷ.

എന്നാല്‍ ഇതിനു വരുന്ന ചെലവ് എത്രയായിരിക്കുമെന്ന് കരടില്‍ വ്യക്തമാക്കിയിട്ടില്ല. പദ്ധതിക്ക് യറോപ്യന്‍ യൂണിയന്റെ അംഗീകാരം ലഭിക്കുമെന്നു തന്നെയാണ് പ്രതീക്ഷയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, ലേബര്‍ പാര്‍ട്ടിയും ലിബറല്‍ ഡെമോക്രാറ്റുകളും കരട് നിര്‍ദേശത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ബ്രെക്‌സിറ്റ് പൂര്‍ണമാകുന്നതോടെ ബ്രിട്ടനെ യൂറോപ്യന്‍ കോടതിയുടെ അധികാര പരിധിയില്‍നിന്നു പൂര്‍ണമായി പുറത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കരട് തയാറാക്കിയിരിക്കുന്നത്.

അതേസമയം വഴിമുട്ടി നില്‍ക്കുന്ന ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ ഏതുവിധേനയും മുന്നോട്ടു നീക്കാന്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ രംഗത്തെത്തി. ഫ്‌ലോറന്‍സില്‍ തെരേസാ മേയ് വെള്ളിയാഴ്ച നടത്താനിരിക്കുന്ന സുപ്രധാന പ്രസംഗത്തിന്റെ നേരത്തെ പുറത്തുവിട്ട പ്രസക്ത ഭാഗങ്ങളാണ് പുതിയ നിര്‍ദ്ദേശങ്ങള്‍. ബ്രെക്‌സിറ്റിനു ശേഷം ഇയുവുമായി ഒരു സ്ഥിരം വ്യാപാര കരാറില്‍ എത്തുന്നതിനു മുമ്പ് രണ്ടു വര്‍ഷത്തെ ഇടക്കാല ഉടമ്പടിക്ക് രൂപം നല്‍കുമെന്ന് തെരേസാ മേയ് പ്രസംഗത്തില്‍ നിര്‍ദ്ദേശിക്കുന്നു.

ഈ ഉടമ്പടിയുടെ കാലാവധി തീരുന്നതിനു മുമ്പ് യുകെക്കും ഇയുവിലെ ബാക്കിയുള്ള രാജ്യങ്ങള്‍ക്കും തൃപ്തികരമായ ഒരു വ്യാപാര കരാറിലേക്ക് എത്തിച്ചേരാന്‍ കഴിയുമെന്നാണ് തെരേസാ മേയ് സര്‍ക്കാരിന്റെ പ്രതീക്ഷ. ‘നമുക്ക് അതിനു സാധിക്കുകയാണെങ്കില്‍ എത് നമ്മുടെ അഭിപ്രായ വ്യത്യാസങ്ങളേക്കാള്‍ ഉള്‍ക്കാഴ്ചയെ ചരിത്രത്തില്‍ രേഖപ്പെടുത്തും. അത് ഒരു ബന്ധം അവസാനിപ്പിച്ചതിനെ കുറിച്ചുള്ള ചരിത്ര രേഖയാവില്ല മറിച്ച് പുതിയ ഒരു ബന്ധം ആരംഭിച്ചതിനെ കുറിച്ചുള്ള രേഖയാകും’ മേയ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.