സ്വന്തം ലേഖകന്‍: മരിയ ചുഴലിക്കാറ്റ് പ്യൂര്‍ട്ടോറിക്കോയില്‍ അണക്കെട്ട് തകര്‍ത്തു, കരീബിയനില്‍ മരിച്ചവരുടെ എണ്ണം 33 ആയി. പ്യൂര്‍ട്ടോറിക്കോയിലെ ഗൗജത്താക്ക നദിയിലുള്ള അണക്കെട്ട് തകര്‍ന്നതോടെ ഇസബെല്ല, ക്വാബ്രഡിലാസ് നഗരങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലായി. യുഎസിന്റെ നിയന്ത്രണത്തിലുള്ള കരീബിയന്‍ ദ്വീപായ പോര്‍ട്ടറീക്കോയില്‍ മരിയ ചുഴലിക്കാറ്റില്‍ ഇതുവരെ 13 പേരാണു മരിച്ചത്. ഇതോടെ കരീബിയന്‍ മേഖലയില്‍ മരിച്ചവരുടെ എണ്ണം 33 ആയി.
മരിയ ചുഴലിക്കാറ്റ് കരീബിയന്‍ ദ്വീപായ ഡൊമിനിക്കയില്‍ 15 പേരുടെ ജീവനെടുത്തിരുന്നു. 20 പേരെ കാണാതായതായും പ്രധാനമന്ത്രി റൂസ്വെല്‍റ്റ് അറിയിച്ചു. മരണസംഖ്യ ഉയരാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച രാത്രിയോടെയാണ് കാറ്റഗറി നാലില്‍ പെടുന്ന മരിയ ചുഴലിക്കാറ്റ് ഡൊമിനിക്കയില്‍ വീശിയത്. കാറ്റില്‍ നൂറിലധികം വീടുകളും നിരവധി സ്കൂളുകളും തകരുകയും ചെയ്തു. പലയിടത്തും വാര്‍ത്താവിനിമയ സൗകര്യം താറുമാറായിരിക്കുകയാണ്.
പ്യൂര്‍ട്ടോറിക്കോയില്‍ കനത്ത മഴയും പ്രളയവും ഉണ്ടായതിനെ തുടര്‍ന്ന് പല നദികളും കരകവിഞ്ഞു. 205 കിലോമീറ്റര്‍ വേഗത്തിലാണു കാറ്റുവീശിയത്. അറ്റ്ലാന്റിക് സമുദ്രത്തിന്റെ പടിഞ്ഞാറ് രൂപം കൊണ്ട മരിയ ചുഴലിക്കാറ്റ് ഇതിനോടകം വേഗം കുറഞ്ഞ് കാറ്റഗറി മൂന്നിലേക്കു മാറിയിട്ടുണ്ട്. ബഹാമസിലേക്കാണ് ഇനി മരിയയുടെ നീക്കമെന്ന് കാലാവസ്ഥാ വിദഗ്ദര്‍ മുന്നറിയിപ്പ് നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല