സ്വന്തം ലേഖകന്‍: ഓണ്‍ലൈന്‍ ടാക്സി സര്‍വീസായ യൂബറിന് ലണ്ടനില്‍ പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് റദ്ദാക്കി അധികൃതര്‍, നടപടി സുരക്ഷാ കാരണങ്ങള്‍ മൂലം, 40,000 ത്തോളം ഡ്രൈവര്‍മാര്‍ പ്രതിസന്ധിയില്‍. നിലവില്‍ സെപ്തംബര്‍ 30 വരെ പ്രവര്‍ത്തിക്കാന്‍ മാത്രമേ യൂബറിന് അനുമതിയുള്ളൂ. ഇതോടെ 40,000 ടാക്സി ഡ്രൈവര്‍മാരാണ് പ്രതിസന്ധിയിലായത്. സുരക്ഷാ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് ലൈസന്‍സ് റദ്ദാക്കിയിരിക്കുന്നതെന്നാണ് സൂചന.
യൂബറിന്റെ ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു എന്ന് ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ വ്യക്തമാക്കുന്നു. ഇതിനെതിരെ കോടതിയില്‍ ചോദ്യം ചെയ്യാനാണ് യൂബറിന്റെ തീരുമാനം. 21 ദിവസത്തിനകം അപ്പീല്‍ നല്കാന് യൂബറിന് അവകാശമുണ്ട്. ട്രാന്‍സ്പോര്‍ട്ട് ഓഫ് ലണ്ടന്റെ പുതിയ തീരുമാനം 3.5 ദശലക്ഷം വരുന്ന യൂബര്‍ യാത്രക്കാരെയും പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് സര്‍ക്കാര്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അപ്പീലിലൂടെ വിലക്ക് മറികടക്കാനായാല്‍ യൂബര്‍ കമ്പനിക്ക് സര്‍വീസ് തുടരാന്‍ സാധിക്കും. ലണ്ടനിലെ തൊഴിലാളി സംഘടനകള്‍, നിയമസമാജികര്‍, പരമ്പരാഗത ബ്ലാക് കാബ് ഡ്രൈവര്‍മാര്‍ എന്നിവര്‍ ഊബറിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഊബര്‍ ടാക്സി സര്‍വീസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല