സ്വന്തം ലേഖകന്‍: കൊച്ചിയില്‍ മൂന്ന് യുവതികള്‍ ചേര്‍ന്ന് ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം, തെളിവായി ദൃശ്യങ്ങള്‍ പുറത്ത്. നാട്ടുകാരുടെ എതിര്‍പ്പ് വകവെക്കാതെയായിരുന്നു മര്‍ദ്ദനമെന്ന ദൃക്സാക്ഷിയുടെ വെളിപ്പെടുത്തല്‍ ശരിവക്കുന്നതാണ് ദൃശ്യങ്ങള്‍. ടാക്സി ഡ്രൈവര്‍ ഷഫീഖിന്റെ പരാതിയില്‍ മരട് പോലീസ് യുവതികള്‍ക്കെതിരെ കേസെടുത്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.
ബുധനാഴ്ച കൊച്ചി വൈറ്റിലയിലായിരുന്നു മൂന്ന് യുവതികള്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ കുമ്പളം സ്വദേശി ഷഫീഖിനെ നടുറോഡില്‍ മര്‍ദ്ദിച്ചത്. യുവതികളെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറിയെങ്കിലും പോലീസ് നിസ്സാര വകുപ്പുകള്‍ ചുമത്തി ഉടന്‍ യുവതികളെ വിട്ടയച്ചത് വിവാദമായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ അടക്കം പോലീസ് നടപടി ചര്‍ച്ചയായതിനു പിന്നാലെയാണ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത്.
തൃപ്പൂണിത്തുറയിലേക്ക് ആദ്യം ടാക്സിയില്‍ കയറിയത് ഷിനോജ് എന്ന യാത്രക്കാരനായിരുന്നു. വൈറ്റിലയില്‍ നിന്നാണ് മൂന്ന് യുവതികള്‍ യാത്രക്കെത്തിയത്. ഈ സമയം ടാക്സിയിലുണ്ടായിരുന്ന ഷിനോജിനെ ഇറക്കിവിടാന്‍ യുവതികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ സീറ്റ് നേരത്തെ ബുക്ക് ചെയ്താണെന്ന് അറിയിച്ചതോടെ ഒരു യുവതി ഡോര്‍ ചവിട്ടി അടച്ചു. ഇത് ചോദ്യം ചെയ്തതോടെയാണ് മര്‍ദ്ദനം തുടങ്ങിയതെന്നാണ് ഷിനോജ് പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല