സ്വന്തം ലേഖകന്‍: ഇന്ത്യ ഭീകരവാദത്തിന്റെ മാതാവ്, യുഎന്നില്‍ ഇന്ത്യന്‍ ആക്രമണത്തിന് തിരിച്ചടിയുമായി പാകിസ്താന്‍, കശ്മീരില്‍ ഇന്ത്യന്‍ സേനയുടെ ആക്രമണത്തിന് ഇരയായ യുവതിയെന്ന പേരില്‍ പലസ്തീന്‍ യുവതിയുടെ ചിത്രം കാണിച്ച പാക് സ്ഥാനപതി നാണംകെട്ടു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും യുഎന്നിലെ ഇന്ത്യന്‍ ഫസ്റ്റ് സെക്രട്ടറി ഈനം ഗംഭീറും യുഎന്‍ പൊതുസഭയില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടത്തിയ കടുത്ത വിമര്‍ശനങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു പാകിസ്താന്‍.
ക്രൂരനായ ഒരു ‘വേട്ടക്കാരന്റെ’ ഭാവമാണ് ഇന്ത്യയുടേതെന്ന് യുഎന്നിലെ പാക്കിസ്ഥാന്‍ സ്ഥാനപതി മലീഹാ ലോധി ആരോപിച്ചു. പാക്കിസ്ഥാനെ ‘ഭീകരസ്ഥാനെ’ന്നു വിശേഷിപ്പിച്ച ഇന്ത്യയെ, ദക്ഷിണേഷ്യയിലെ ‘ഭീകരവാദത്തിന്റെ അമ്മ’ എന്നു വിശേഷിപ്പിക്കാനും ലോധി മറന്നില്ല.
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സംഘര്‍ഷമുണ്ടാകരുതെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അനാവശ്യമായ പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കാന്‍ ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ലോധി രാജ്യാന്തര സമൂഹത്തോട് ആവശ്യപ്പെട്ടു. പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നത് ഇന്ത്യയാണെന്നും ലോധി ആരോപിച്ചു.
പാക്കിസ്ഥാന്റെ ഭാഗമായ ബലൂചിസ്ഥാനിലെ ആഭ്യന്തര വിഷയങ്ങളില്‍ ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇടപെടുന്നുവെന്ന ആരോപണം പാക്കിസ്ഥാന്‍ ആവര്‍ത്തിക്കുകയും ചെയ്തു. സാധാരണയായി താഴ്ന്ന റാങ്കിലുള്ള ജീവനക്കാര്‍ മറുപടി പറയേണ്ട സ്ഥാനത്ത് യുഎന്നിലെ പാക്ക് പ്രതിനിധി നേരിട്ട് മറുപടി നല്‍കിയതും കൗതുകമായി. സ്ത്രീ–പുരുഷ ഭേദമെന്യേ കശ്മീരികള്‍ ഇന്ത്യന്‍ സേനയുടെ അക്രമത്തിന് ഇരയാകുകയാണെന്ന് ആരോപിച്ച മലീഹ ലോധി, കശ്മീരിലെ ജനങ്ങള്‍ ഇന്ത്യന്‍ സേനയുടെ പെല്ലെറ്റ് തോക്കുകള്‍ക്ക് ഇരയാകുന്നതിന് തെളിവായി മുഖത്താകെ പരുക്കേറ്റ ഒരു യുവതിയുടെ ചിത്രവും യുഎന്‍ പൊതുസഭയില്‍ ഉയര്‍ത്തിക്കാട്ടി.
എന്നാല്‍ ഈ ചിത്രം കശ്മീരി യുവതിയേടെതല്ലെന്നും ഗാസയില്‍ 2014ല്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ പരുക്കേറ്റ റാവിയ അബു ജൊമാ എന്ന പതിനേഴുകാരിയുടേതാണെന്നും രാജ്യാന്തര മാധ്യമങ്ങള്‍ കണ്ടുപിടിച്ചതോടെ പാക് സംഘം നാണംകെടുകയും ചെയ്തു. ദ് ഗാര്‍ഡിയന്‍ വെബ്‌സൈറ്റ് ഫോട്ടോഗ്രഫി അവാര്‍ഡ് ജേതാവായ ഹെയ്ദി ലെവിന്‍സിന്റെ ഗാസ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ പ്രത്യേക വെബ് പേജിലാണ് ഈ ചിത്രമുള്ളത്. മലീഹയ്ക്കു പിണഞ്ഞ അബദ്ധം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല