സ്വന്തം ലേഖകന്‍: ഭാര്യക്കും കാമുകനും നേരെ ആസിഡ് ആക്രമണം, ഷാര്‍ജയില്‍ യുവാവ് പിടിയില്‍. ഷാര്‍ജയില്‍ തന്റെ അഭാവത്തില്‍ കാമുകനുമായി കിടക്ക പങ്കിടുകയായയിരുന്ന ഭാര്യയുടേയും കാമുകന്റേയും ദേഹത്തേക്ക് ആസിഡ് ഒഴിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച 30 കാരനായ ശ്രീലങ്കന്‍ യുവാവാണ് പോലീസ് പിടിയിലായത്. യുവാവിനെ വിമാനത്താവളത്തില്‍ വച്ച് ഷാര്‍ജ പോലിസ് പിടികൂടുകയായിരുന്നു.
ആസിഡ് ആക്രമണത്തില്‍ മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ 25കാരിയായ യുവതിയും 23കാരനായ കാമുകനും ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഭാര്യയെ ഷാര്‍ജയിലെ താമസസ്ഥലത്താക്കി അത്യാവശ്യ ബിസിനസ് കാര്യങ്ങള്‍ക്കായി 20 ദിവസത്തെ ലീവില്‍ നാട്ടില്‍ പോയതായിരുന്നു യുവാവ്. ഒരാഴ്ചയ്ക്ക് ശേഷം ഫെയ്സ്ബുക്കില്‍ ഭാര്യ മറ്റൊരാള്‍ക്കൊപ്പം നില്ക്കുന്ന ചിത്രം ശ്രദ്ധയില്‍പ്പെട്ട യുവാവ് ഉടന്‍ ഭാര്യയെ അറിയിക്കാതെ ലീവ് കാന്‍സല്‍ ചെയ്ത് ഷാര്‍ജയില്‍ തിരിച്ചെത്തി.
താമസ സ്ഥലത്തേക്ക് പോകുന്നതിനു പകരം സമീപത്തെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് ഭാര്യയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചപ്പോള്‍ ഭാര്യ യുവാവിനൊപ്പം ഒരു മുറിയിലേക്ക് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ഇയാള്‍ നേരത്തേ കരുതിയ ആസിഡുമായി മുറിയിലേക്ക് ചെന്നപ്പോള്‍ കണ്ടത് കാമുകനൊപ്പം ഇരിക്കുന്ന ഭാര്യയെയായിരുന്നു. അതോടെ കൈയില്‍ കരുതിയ ആസിഡ് യുവാവ് ഇവര്‍ക്കു നേരെ നീട്ടിയൊഴിച്ചു. ആക്രമണത്തില്‍ രണ്ടുപേര്‍ക്കും ഗുരുതരമായി പരിക്കേറ്റത് കണ്ട് ഇയാള്‍ ഉടന്‍ തന്നെ ആരുമറിയാതെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട് നാട്ടിലേക്ക് ടിക്കറ്റെടുത്ത് വിമാനത്താവളത്തിലെത്തി.
എന്നാല്‍ പോലിസ് ഭാര്യയേയും കാമുകനേയും ആശുപത്രിലാക്കി യുവാവിനായി തിരച്ചില്‍ തുടങ്ങിയിരുന്നു. തുടര്‍ന്ന് ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം കാത്തിരിക്കുകയായിരുന്ന ഭര്‍ത്താവിനെ പിടികൂടുകയും ചെയ്തു. ഒരുപാട് കാലത്തെ പ്രേമത്തിന് ശേഷം വിവാഹം ചെയ്ത ഭാര്യ തന്നെ ഇങ്ങനെ വഞ്ചിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും ഈ ക്രൂരതയ്ക്ക് പ്രതികാരമെന്ന നിലയ്ക്കാണ് താന്‍ കടുംകൈ ചെയ്തതെന്നും യുവാവ് പോലിസിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല