സ്വന്തം ലേഖകന്‍: റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് മൊബൈല്‍ കണക്ഷന് നിഷേധിച്ച് ബംഗ്ലാദേശ്, സിം കാര്‍ഡ് നല്‍കരുതെന്ന് നിര്‍ദേശം. സുരക്ഷപരമായ കാരണങ്ങളാല്‍ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ കണക്ഷന് നല്‍കരുതെന്ന് ടെലി കമ്യൂണിക്കേഷന്‍ കമ്പനികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് ബംഗ്ലാദേശ് സര്‍ക്കാരെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പുതുതായി എത്തിയ നാലര ലക്ഷത്തോളം അഭയാര്‍ഥികളില്‍ ആര്‍ക്കെങ്കിലും പ്ലാനുകളോടെയുള്ള കണക്ഷന് നല്കിയാല് പിഴ അടക്കേണ്ടതായി വരുമെന്ന് രാജ്യത്തെ നാല് മൊബൈല്‍ കമ്പനികള്‍ക്ക് ബംഗ്ലാദേശ് മുന്നറിയിപ്പ് നല്കി. നിയന്ത്രണം നടപ്പിലാവുന്നതോടെ റോഹിങ്ക്യകള്‍ക്ക് ബംഗ്ലാദേശില്‍ നിന്നും സിം ലഭിക്കില്ലെന്ന് ടെലികോം മന്ത്രാലയ വക്താവ് എനയെറ്റ് ഹൊസൈന്‍ പറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങളോട് വിട്ടുവീഴ്ച ചെയ്യാന്‍ സര്‍ക്കാറിന് സാധിക്കില്ലെന്ന് ജൂനിയര്‍ ടെലികോം മന്ത്രി തരാണ ഹലീം പറഞ്ഞു. മനുഷ്യത്വപരമായ പരിഗണനയുടെ പേരിലാണ് റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ബംഗ്ലാദേശ് അഭയം നല്‍കിയിരിക്കുന്നത്. അതേ സമയം പുതിയതായി രാജ്യത്തെത്തിയ റോഹിങ്ക്യകള്‍ക്ക് ബയോമെട്രിക് കാര്‍ഡുകള്‍ ലഭിക്കുന്നതോടെ നിരോധനം പിന്‍വലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല