സ്വന്തം ലേഖകന്‍: എന്നാല്‍ വ്യാജമല്ലാത്ത ഒരു ചിത്രം ഞങ്ങള്‍ കാണിക്കാം, യുഎന്നില്‍ വ്യാജ ചിത്രം ഉയര്‍ത്തിക്കാണിച്ച പാകിസ്താന് ചുട്ട മറുപടി നല്‍കി ഇന്ത്യ. ജമ്മു കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ച സൈനികന്‍ ഉമര്‍ ഫയാസിന്റെ ചിത്രം ഉയര്‍ത്തിക്കാണിച്ചാണ് ഇന്ത്യ പാകിസ്താന് മറുപടി നല്‍കിയത്. ഐക്യരാഷ്ട്രസംഘടനാ പൊതുസഭയില്‍ ഇന്ത്യയുടെ നയതന്ത്രഉദ്യോഗസ്ഥ പൗലോമി ത്രിപാഠിയാണ് പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന്റെ തെളിവുകള്‍ വെളിപ്പെടുത്തിയത്.
ഈ ചിത്രം വ്യാജമല്ല. പാക്കിസ്ഥാന്റെ ചെയ്തികള്‍ തുറന്നുകാട്ടുന്ന യഥാര്‍ഥ ചിത്രങ്ങളാണു താന്‍ കാട്ടുന്നതെന്നും വിവാഹച്ചടങ്ങിനിടെ തട്ടിക്കൊണ്ടുപോയി ക്രൂരമായാണ് ലഫ്. ഉമര്‍ ഖയാസിനെ പാക്ക് പിന്തുണയുള്ള ഭീകരര്‍ വധിച്ചതെന്നും പൗലോമി പറഞ്ഞു. ഈ ചിത്രം ക്രൂരവും ദയനീയവുമായ യാഥാര്‍ഥ്യമാണു തുറന്നുകാട്ടുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തിക്കപ്പുറത്തുനിന്നു കടന്നുവരുന്ന ഭീകരതയുടെ ദുരന്തവശങ്ങള്‍ കശ്മീര്‍ ജനത ഓരോ ദിവസവും അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇതു മറച്ചുവയ്ക്കാനാണു പാക്കിസ്ഥാന്‍ കള്ളപ്രചാരണത്തിലൂടെ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.
കശ്മീരില്‍ ഇന്ത്യ നടത്തിയ അതിക്രമങ്ങളുടെ ചിത്രമെന്ന് പറഞ്ഞ് ഗാസയിലെ പടം ഉയര്‍ത്തിക്കാട്ടി പാക് സ്ഥിരം പ്രതിനിധി മലീഹ ലോധി കഴിഞ്ഞ ദിവസം യു.എന്നില്‍ പ്രസംഗിച്ചിരുന്നു. എന്നാല്‍ ആ ചിത്രം 2014 ല്‍ ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ പരിക്കേറ്റ റവ്യ അബ് ജോം എന്ന പതിനേഴുകാരിയുടേതാണെന്ന് മാധ്യമങ്ങള്‍ കണ്ടെത്തിയതോടെ പാക് സംഘം നാണംകെടുകയും ചെയ്തു. കൊല്ലപ്പെട്ട കശ്മീരിയെന്ന് തെറ്റിദ്ധരിപ്പിച്ച് പലസ്തീന്‍ പെണ്‍കുട്ടിയുടെ ചിത്രം ഉയര്‍ത്തിക്കാട്ടിയതിന്റെ കള്ളത്തരം പൊളിക്കാന്‍ ഈ ചിത്രവും ഉയര്‍ത്തിക്കാട്ടിയായിരുന്നു പൗലോമിയുടെ ആക്രമണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല