സ്വന്തം ലേഖകന്‍: വിവാദ ആള്‍ദൈവം ഗുര്‍മീതിന്റെ ദത്തുപുത്രി ഹണിപ്രീത് ഇന്സാന് മുന്‍കൂര്‍ ജാമ്യത്തിനായുള്ള നെട്ടോട്ടത്തില്‍. മാനഭംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ദേരാ സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിന്റെ ദത്തുപുത്രി ഹണിപ്രീത് ഇന്സാന് ഡല്‍ഹി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതായി റിപ്പോര്‍ട്ട്. ഹരിയാന പൊലീസ് പുറത്തിറക്കിയ 43 പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനക്കാരിയായ ഹണിപ്രീതിനുവേണ്ടി അന്വേഷണ സംഘം തിരച്ചില്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ.
പ്രദീപ് കുമാര്‍ ആര്യ എന്ന അഭിഭാഷകനാണ് പ്രിയങ്ക തനേജയെന്ന ഹണിപ്രീനിനു വേണ്ടി കോടതിയെ സമീപിച്ചത്. ഗുര്‍മീതിന്റെ ശിക്ഷാവിധിക്കു ശേഷമുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണു ഹണിപ്രീതിനെ പൊലീസ് തിരയുന്നത്. നേപ്പാളിലേക്കു കടന്നുവെന്നു റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നു പൊലീസ് അവിടേക്കും തിരച്ചില്‍ വ്യാപിപ്പിച്ചിരുന്നു. അതിനിടെ ഹണിപ്രീതും ഗുര്‍മീതും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന ആരോപണവുമായി ഹണിപ്രീതിന്റെ മുന്‍ ഭര്‍ത്താവ് രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു.
അനുയായികളായ രണ്ടു യുവതികളെ 2002 ല്‍ മാനഭംഗത്തിനു വിധേയരാക്കിയെന്നാണു ഗുര്‍മീത് റാം റഹിം സിങ്ങിനെതിരായ കേസ്. പ്രത്യേക സിബിഐ കോടതി 20 വര്‍ഷം കഠിന തടവാണു ഗുര്‍മീതിനു വിധിച്ചത്. രണ്ടു കേസുകളിലായി 10 വര്‍ഷം വീതമാണു തടവുശിക്ഷ. 30 ലക്ഷം രൂപയും റാം റഹിം പിഴ ഒടുക്കണം. കുറ്റക്കാരനെന്നു വിധിവന്ന ദിവസമുണ്ടായ കലാപത്തില്‍ പഞ്ച്കുളയില്‍ 35 പേരും സിര്‍സയില്‍ ആറു പേരും കൊല്ലപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല