സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്കായി ഷാര്‍ജയില്‍ ഭവന പദ്ധതിയുള്‍പ്പെടെ ഷാര്‍ജ ഭരണാധികരിയുമായുള്ള കൂടിക്കാഴ്ചയില്‍ സുപ്രധാന പദ്ധതികളുമായി കേരളം. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരുമായി രാജ്ഭവനില്‍ നടന്ന ചര്‍ച്ചയിലാണ് കേരളം സുപ്രധാന പദ്ധതികള്‍ മുന്നോട്ടുവെച്ചത്.
ഷാര്‍ജയിലെ മലയാളികളുടെ ക്ഷേമത്തിനായി അവിടത്തെ നിക്ഷേപം പ്രയോജനപ്പെടുത്തി കേരളത്തിലും തുടങ്ങാവുന്ന പദ്ധതികളാണിവ. പ്രവാസി മലയാളികള്‍ക്കു വേണ്ടി ഷാര്‍ജയില്‍ ഭവന പദ്ധതി നടപ്പാക്കുന്ന പദ്ധതിയാണ് ഇതില്‍ പ്രധാനം. ഭവന പദ്ധതി അടക്കം ഏഴു പദ്ധതികളും നിര്‍ദേശങ്ങളും ചര്‍ച്ചയില്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിദ്യാഭ്യാസ സംരംഭം, സാംസ്കാരിക കേന്ദ്രം, ആയൂര്‍വേദവും മെഡിക്കല്‍ ടൂറിസവും, പശ്ചാത്തല വികസന മേഖലയില്‍ മുതല്‍ മുടക്കുന്നതിനുള്ള സാധ്യതകള്‍, ഐ.ടി മേഖലയില്‍ കേരളം, ഷാര്‍ജ സഹകരണം, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം എന്നിവയാണ് മറ്റുള്ളവ.
ഷാര്‍ജ ഫാമിലി സിറ്റിയെന്ന പേരില്‍ മലയാളികള്‍ക്കു വേണ്ടി ഷാര്‍ജയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഭവന പദ്ധതിയില്‍ ഉയരം കൂടിയ 10 അപ്പാര്‍ട്ട്മെന്റ് ടവറുകളാണ് ഉണ്ടാവുക. ഇതിന് 10 ഏക്കര്‍ ഭൂമി ആവശ്യമുണ്ട്. ഫാമിലി സിറ്റിയില്‍ ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ഉണ്ടാകും. ഷാര്‍ജയില്‍ അന്താരാഷ്ട്ര നിലവാരമുള്ള പബ്ലിക് സ്കൂളുകള്‍, എഞ്ചിനീയറിങ് കോളജ്, മെഡിക്കല്‍ കോളജ്, നൈപുണ്യവികസന പരിശീലന കേന്ദ്രങ്ങള്‍ എന്നിങ്ങനെ മികവുറ്റ കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് മറ്റൊരു പദ്ധതി.
ഷാര്‍ജയില്‍ കേരളത്തിന്റെ സമ്പന്നമായ സംസ്കാരവും പൈതൃകവും അവതരിപ്പിക്കുന്ന സാംസ്കാരിക കേന്ദ്രം, ഷാര്‍ജയില്‍ നിന്ന് വരുന്ന അതിഥികള്‍ക്ക് വേണ്ടി കേരളത്തില്‍ പ്രത്യേക ആയുര്‍വേദം ടൂറിസം പാക്കേജുകള്‍, ഷാര്‍ജയില്‍ കേരളത്തിന്റെ ആയൂര്‍വേദ ഹബ്ബ്, ഐ.ടി മേഖലയില്‍ കേരളം, ഷാര്‍ജ സഹകരണം, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ സഹകരണം എന്നിവയും ചര്‍ച്ചകളില്‍ പ്രധാന വിഷയമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല