സ്വന്തം ലേഖകന്‍: ഉദ്ദേശിച്ച ജോലി ലഭിച്ചില്ല, ഒമാനില്‍ പരിഭ്രാന്തി പരത്തി മലയാളി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ജോലി തേടി മസ്കത്തിലെത്തിയശേഷം ഉദ്ദേശിച്ച ജോലി ലഭിക്കാതാതിരുന്നതിനെ തുടര്‍ന്ന് മലയാളി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. അല്‍ ഖുവൈറിലെ താമസ കെട്ടിടത്തിലെ ബാല്‍ക്കണയില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ രണ്ട് മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്ക് ശേഷം സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെത്തി ക്രെയ്ന് ഉപയോഗിച്ചാണ് താഴെ ഇറക്കിയത്.
ഏഴ് ദിവസം മുമ്പാണ് ഇയാള്‍ ജോലി അന്വേഷിച്ച് മസ്കത്തിലെത്തിയത്.
സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ റ്റു സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിട്ടുണ്ട്. ജോലി ലഭിക്കാതിരുന്നത് മൂലമുണ്ടായ മാനസിക സമ്മര്‍ദമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. യുവാവിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഒരാഴ്ച മുമ്പ് ജോലി തേടി ഒമാനില്‍ എത്തിയ 25 കാരനായ യുവാവ് ബന്ധുക്കള്‍ക്കൊപ്പമാണ് അല്‍ ഖുവൈറില്‍ താമസിച്ചിരുന്നത്. ജോലി ശരിയാകാതായതോടെ കടുത്ത മാനസിക സമ്മര്‍ദത്തിലായ യുവാവ് ബുധനാഴ്ച രാത്രി എട്ട് മണിയോടെ ബന്ധുക്കള്‍ മുറിയില്‍ ഇല്ലാത്ത സമയം കതക് അടക്കുകയും ബാല്‍ക്കണിയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കുകയുമായിരുന്നു. ഇതിനിടെ ഫ്ളാറ്റിന്റെ ചാവി ബാല്കണിയില് നിന്ന് മറ്റൊരു മുറിയിലേക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു.
സംഭവമറിഞ്ഞെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും ആത്മഹത്യ ചെയ്യരുതെന്ന് ആവശ്യപ്പെട്ടിട്ടും ഇയാള്‍ പിന്മാറിയില്ല. സംഭവം അറിഞ്ഞ റോയല്‍ ഒമാന്‍ പൊലീസ് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ ഇയാളെ താഴെ ഇറക്കുകയായിരുന്നു. മലയാളിയായ സുഹൃത്തുക്കള്‍ വഴിയാണ് യുവാവുമായി സംസാരിച്ചതെന്ന് സിവില്‍ ഡിഫന്‍സ് അസി. ഡയറക്ടര്‍ ജനറല്‍ ജുലന്ദ അല്‍ ബലൂശി പറഞ്ഞു. മലയാളി യുവാവിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ റോയല്‍ ഒമാന്‍ പൊലീസും പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സും തയാറായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല