1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2017

സ്വന്തം ലേഖകന്‍: നൂറു വര്‍ഷത്തിനുള്ളില്‍ ചൊവ്വാ ഗ്രഹത്തില്‍ നഗരം നിര്‍മിക്കും, ബഹിരാകാശ രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിനൊരുങ്ങി യുഎഇ. ബഹിരാകാശ ഗവേഷണത്തിനുള്ള പുത്തന്‍ പദ്ധതിയായ ‘മാര്‍സ് സയന്റിഫിക് സിറ്റി’ യു.എ.ഇ. ക്യാബിനറ്റ് യോഗത്തില്‍ അവതരിപ്പിച്ച് സംസാരിക്കവെ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഈ പ്രഖ്യാപനം നടത്തിയത്.

പദ്ധതിക്കായി 1.9 ദശലക്ഷം ചതുരശ്ര അടി വലിപ്പത്തില്‍ പുതിയ ഗവേഷണകേന്ദ്രം നിര്‍മിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ‘മാര്‍സ് സയന്റിഫിക് സിറ്റി’ പദ്ധതിയെ ‘അസാധാരണമായ ദേശീയ പദ്ധതി’ എന്നാണ് വൈസ് പ്രസിഡന്റ് യോഗത്തില്‍ വിശേഷിപ്പിച്ചത്. 500 ദശലക്ഷം ദിര്‍ഹം ചെലവുവരുന്നതാണ് പദ്ധതി. വരും തലമുറയ്ക്ക് മികച്ച വിദ്യാഭ്യാസവും ജീവിതവും ശക്തമായ സമ്പദ്ഘടനയും നല്‍കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ശൈഖ് മുഹമ്മദ് പറഞ്ഞു.

ബഹിരാകാശ ഗവേഷണത്തിനാവശ്യമായ മുഴുവന്‍ സംവിധാനങ്ങളും അടങ്ങുന്ന പദ്ധതിയുടെ ചിത്രവും ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. വൃത്താകൃതിയിലുള്ള കെട്ടിടങ്ങളുടെ ചിത്രമാണ് പങ്കുവെച്ചത്. 2117 ഓടെ ചൊവ്വയില്‍ നഗരമുണ്ടാക്കുകയാണ് യു.എ.ഇ ബഹിരാകാശ രംഗം ലക്ഷ്യമിടുന്നതെന്ന് ശൈഖ് മുഹമ്മദ് കഴിഞ്ഞ വര്‍ഷമാണ് ആദ്യമായി വെളിപ്പെടുത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.