സ്വന്തം ലേഖകന്‍: ലണ്ടന്‍ നഗരത്തിലെ യൂബര്‍ ടാക്‌സികളുടെ ലൈസന്‍സ് റദ്ദാക്കല്‍, സമവായ ചര്‍ച്ചകളിലൂടെ സര്‍വീസ് തുടരാന്‍ കമ്പനി, നിയമം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ എല്ലാ കമ്പനികളും ബാധ്യസ്ഥരാണെന്ന ഉറച്ച നിലപാടില്‍ മേയര്‍ സാദിഖ് ഖാന്‍. ട്രാഫിക് ഫോര്‍ ലണ്ടന്‍ (ടിഎഫ്എല്‍) അധികൃതരുടെ നിബന്ധനകള്‍ക്കും നിയമങ്ങള്‍ക്കും അനുസൃതമായി സര്‍വീസ് ചട്ടങ്ങളും നടപടിക്രമങ്ങളും പരിഷ്‌കരിച്ച് സര്‍വീസ് നടത്താന്‍ തയാറാണെന്ന് കമ്പനി അധികൃതരെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
നേരത്തെ ട്രാഫിക് റഗുലേറ്ററുടെ ഉത്തരവിനെ പിന്തുണച്ച് ലണ്ടന്‍ മേയര്‍ സാദിഖ് ഖാനും നിലപാടു കടുപ്പിച്ചതോടെയാണ് കമ്പനി സമവായത്തിനുള്ള ശ്രമങ്ങളുമായി രംഗത്തെത്തിയത്. ലൈസന്‍സ് കാലാവധി തീരുന്ന ഈമാസം 30 നു മുമ്പ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ലൈസന്‍സ് പുതുക്കി സര്‍വീസ് തടസപ്പെടാതെ നോക്കാനുള്ള നെട്ടോട്ടത്തിലാണ് യൂബര്‍ അധികൃതര്‍. യൂബറിന്റെ ലണ്ടന്‍ നഗരത്തിലെ ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന് വെള്ളിയാഴ്ചയാണ് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ അധികൃതരുടെ നിര്‍ദേശത്തെത്തുടന്ന് റഗുലേറ്റര്‍ തീരുമാനിച്ചത്.
യാത്രക്കാരുടെ സുരക്ഷയ്ക്കായി ടിഎഫ്എല്‍ നിഷ്‌കര്‍ഷിച്ചിരുന്ന ഡ്രൈവര്‍മാരുടെ സെക്യൂരിറ്റി ചെക്ക് ഉള്‍പ്പെടെയുള്ള നടപടികള്‍ കൃത്യമായി പാലിക്കുന്നില്ല എന്ന് ആരോപിച്ചാണ് നടപടി. പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും രാജ്യാന്തര മാനദണ്ഡങ്ങള്‍ ഉറപ്പു വരുത്തുന്നതില്‍ കമ്പനി പരാജയപ്പെട്ടു എന്നാണ് ടിഎഫ്എല്ലിന്റെ നിലപാട്. എന്നാല്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് തങ്ങള്‍ സര്‍വീസ് നടത്തുന്നതെന്നും ബ്ലാക്ക് ക്യാബ് ഡ്രൈവര്‍മാര്‍ക്കായി നടത്തുന്ന സെക്യൂരിറ്റി ചെക്കുകളെല്ലാം യൂബര്‍ ഡ്രൈവര്‍മാരും നടത്തുന്നുണ്ടെന്നും യൂബര്‍ തിരിച്ചടിച്ചു.
ഇതേ തുടര്‍ന്ന് ഒക്ടോബര്‍ ഒന്നുമുതല്‍ ലണ്ടനില്‍ യൂബര്‍ സര്‍വീസ് നിലയ്ക്കുന്ന സ്ഥിതി സംജാതമായി. നഗരയാത്രകള്‍ സുഗമവും ലാഭകരവുമാക്കിയിരുന്ന യൂബര്‍ സര്‍വീസുകള്‍ നിലക്കുന്നത് 40 ലക്ഷത്തോളം വരുന്ന യാത്രക്കാരേയും മലയാളികള്‍ ഉള്‍പ്പെടെയുള്ള നാല്‍പതിനായിരത്തിലേറെ വരുന്ന യൂബര്‍ ഡ്രൈവര്‍മാര്‍ക്കും കനത്ത തിരിച്ചടിയാകും. പാര്‍ട്ട് ടൈം ഡ്രൈവര്‍മാരായി യൂബര്‍ ഓടിച്ച് അധിക വരുമാനം ഉണ്ടാക്കുന്ന നിരവധി ഇന്ത്യക്കാരാണ് ലണ്ടന്‍ നഗരത്തിലുള്ളത്.
യൂബറിനെ ലൈസന്‍സ് പുതുക്കണം എന്നാവശ്യപ്പെട്ട് ആരംഭിച്ച ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒറ്റ ദിവസംകൊണ്ട് ഏഴു ലക്ഷം പേരാണ് ഒപ്പിട്ടത്. എന്നാല്‍ തീരുമാനം ഞെട്ടിക്കുന്നതാണെങ്കിലും സ്വാഗതം ചെയ്യുന്നതായും കമ്പനികള്‍ നിയമം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണെന്നും ടി.എഫ്.എലിന്റെ തലവന്‍ കൂടിയായ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ഉറച്ച നിലപാട് എടുത്തതോടെ യൂബര്‍ പ്രതിരോധത്തിലായി. സമവായ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതോടെ യൂബറിന് ലൈസന്‍സ് പുതുക്കി നല്‍കുമെങ്കിലും ഡ്രൈവര്‍മാരെ തെരഞ്ഞെടുക്കുന്നതുള്‍പ്പുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാകുമെന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല