സ്വന്തം ലേഖകന്‍: കാബൂള്‍ വിമാനത്താവളത്തിനു നേരെ റോക്കറ്റ് ആക്രമണം, ഇന്ത്യന്‍ വിമാനം രക്ഷപ്പെട്ടത് തലനാരിഴക്ക്, ആക്രമണം യുഎസ് പ്രതിരോധ സെക്രട്ടറി വന്നിറങ്ങി അല്പ സമയത്തിനകം. കാബൂളില്‍നിന്നു ഡല്‍ഹിയിലേക്കുള്ള സ്പൈസ്ജെറ്റ് വിമാനം പുറപ്പെടാന്‍ തയാറെടുക്കുമ്പോഴായിരുന്നു ആക്രമണം. വിമാനത്തില്‍ 180 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ഇവരെ സുരക്ഷിതരായി വിമാനത്താവളത്തിലേക്കു മാറ്റി. വിമാനത്തിനു കേടുപാടുകളൊന്നും സംഭവിച്ചില്ലെന്ന് അധികൃതര്‍ അറിയിച്ചു. ആറു ചെറിയ റോക്കറ്റുകളാണു ഹമീദ് കര്‍സായി രാജ്യാന്തര വിമാനത്താവളത്തിനുള്ളിലും ചുറ്റിലുമായി പതിച്ചത്. വിമാനത്താവളത്തില്‍ സൈന്യത്തിനായി വേര്‍തിരിച്ച ഭാഗത്തായിരുന്നു റോക്കറ്റുകള്‍ വീണത്. സ്ഫോടനത്തില്‍ ഒരു വീടു തകരുകയും അഞ്ചു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇരുപതിനും മുപ്പതിനും ഇടയില്‍ റോക്കറ്റുകള്‍ വീണതായും
നാല് ഹെലികോപ്ടറുകള്‍ക്ക് കേടുപറ്റിയെന്നും ആള്‍നാശമില്ലെന്നും വിമാനത്താവള മേധാവി യാക്കൂബ് റസൗലി പറഞ്ഞതായി ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. ആക്രമണമുണ്ടായതായും കാബൂളിലെ ദേ സബ് ജില്ലയില്‍ നിന്നാണ് റോക്കറ്റ് തൊടുത്തിട്ടുള്ളതെന്നും ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുകയും വിമാന സര്‍വീസുകള്‍ താത്കാലികമായി റദ്ദാക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാനും ഐ.എസും ഏറ്റെടുതത്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല