സ്വന്തം ലേഖകന്‍: ഇരുപതു വര്‍ഷത്തിനിടെ കൊന്നു തിന്നത് 30 മനുഷ്യരെ, റഷ്യയില്‍ നരഭോജി ദമ്പതികള്‍ പിടിയില്‍. റഷ്യയിലെ ക്രാസ്‌നോഡര്‍ മേഖലയില്‍ നിന്നാണ് 30 പേരെ കൊന്ന് ഭക്ഷിച്ചതായി സംശയിക്കുന്ന ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ സൈനിക സ്‌കൂളിലെ ജീവനക്കാരനായ ദിമിത്രി ബക്ഷീവ് എന്ന 35 കാരനും ഭാര്യ നതാലിയയുമാണ് പിടിയിലായത്. കൊല്ലപ്പെട്ട ഏഴുപേരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ക്രാസ്‌നോഡര്‍ പട്ടണത്തില്‍ റോഡ് നവീകരണ ജോലികള്‍ക്കിടെ തൊഴിലാളിക്ക് ലഭിച്ച മൊബൈല്‍ ഫോണാണ് അതിക്രൂരമായ കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്. അടുത്തിടെ കാണാതായ 35 കാരിയുടെ അവയവങ്ങള്‍ ഛേദിക്കപ്പെട്ട നിലയിലുള്ള ചിത്രത്തോടൊപ്പം പോസ് ചെയ്ത വ്യക്തിയുടെ ചിത്രം മൊബൈലില്‍ കണ്ടെത്തിയിരുന്നു. ദിവസങ്ങള്‍ക്കു മുമ്പാണ് ഈ യുവതിയുടെ മൃതദേഹം വികൃതമാക്കി ബാഗില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മൊബൈല്‍ ഫോണ്‍ ഉടമയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ വഴിയരികില്‍ കണ്ട മൃതദേഹത്തോടൊപ്പം ഫോട്ടോ എടുത്തതാണെന്നും പിന്നീട് ഫോണ്‍ നഷ്ടപ്പെടുകയായിരുന്നുവെന്നും മൊഴി നല്‍കി. ഇതു വിശ്വസിക്കാത്ത പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് 1999 മുതല്‍ നരഭോകികളാണെന്ന് ഇയാളും ഭാര്യയും സമ്മതിച്ചത്.
ഇവരുടെ വീട്ടില്‍ നിന്ന് ഛേദിക്കപ്പെട്ട അവയവം സൂക്ഷിച്ച ജാര്‍ പൊലീസ് കണ്ടെടുത്തു. ദമ്പതികള്‍ ഇരുവരും ചേര്‍ന്നാണ് കൊലപാതകങ്ങള്‍ നടത്തിയിരുന്നതെന്നും വീടിന്റെ പല ഭാഗങ്ങളില്‍നിന്നായി കൂടുതല്‍ അവയവങ്ങള്‍ ലഭിച്ചതായും പൊലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല