1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 29, 2017

സ്വന്തം ലേഖകന്‍: കേരളത്തോടുള്ള വാഗ്ദാനം പാലിച്ച് ഷാര്‍ജ ഭരണാധികാരി, ഷാര്‍ജാ ജയിലുകളില്‍ കഴിഞ്ഞിരുന്ന 149 ഇന്ത്യക്കാര്‍ മോചിതരായി. ഗുരുതരമായ കുറ്റങ്ങള്‍ ഒഴികെയുളള കേസുകളില്‍പെട്ട് മൂന്ന് വര്‍ഷത്തിലധികം ജയിലുകളില്‍ കഴിഞ്ഞിരുന്ന പ്രതികളെയാണ് കഴിഞ്ഞ ദിവസം മോചിപ്പിച്ചത്. ഇതില്‍ 48 പേര്‍ ഇന്ത്യയിലേക്ക് യാത്ര തിരിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചെക്ക് കേസുകളിലും സിവില്‍ കേസുകളിലും പെട്ട് മൂന്നു വര്‍ഷത്തില്‍ ഏറെയായി ഷാര്‍ജയിലെ ജയിലുകളില്‍ കഴിയുന്ന മലയാളികളെ മോചിപ്പിക്കണമെന്ന് കേരള സന്ദര്‍ശന വേളയില്‍ ഷാര്‍ജ ഭരണാധികാരിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഈ അഭ്യര്‍ത്ഥന പ്രകാരമാണ് ജയിലുകളില്‍ കഴിയുന്നവര്‍ക്ക് മാപ്പ് നല്‍കാന്‍ ഷാര്‍ജ സുല്‍ത്താന്‍ തീരുമാനിച്ചത്.

കേരള സന്ദര്‍ശനത്തിനിടെ ഷെയ്ഖ് സുല്‍ത്താന്‍, രാജ്ഭവനില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി ലിറ്റ് സ്വീകരിച്ചു നടത്തിയ മറുപടി പ്രസംഗത്തിലാണ് ഇന്ത്യക്കാരുടെ മോചനം ഉറപ്പു നല്‍കിയത്. ഇന്ത്യക്കാരെ മുഴുവന്‍ വിട്ടയയ്ക്കാമെന്നും അവരെ അവിടെത്തന്നെ ജോലിയില്‍ തുടരാന്‍ അനുവദിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രഖ്യാപനമാണ് ഇപ്പോള്‍ പ്രാവര്‍ത്തികമാക്കിയത്.

ചെറിയ തര്‍ക്കങ്ങളിലും ബിസിനസ് സംബന്ധമായ കേസുകളിലുംപെട്ട് ഷാര്‍ജ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് സുല്‍ത്താന്റെ നടപടി വലിയ ആശ്വാസമായി. യുഎഇയിലെ മറ്റു എമിറേറ്റ്‌സുകളിലും ഇതര ഗള്‍ഫ് രാജ്യങ്ങളിലും ജയിലുകളില്‍ പെട്ടുപോയ മലയാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വലിയ പ്രതീക്ഷ നല്‍കുന്നതാണ് ഈ തീരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.