സ്വന്തം ലേഖകന്‍: വിദേശ ഐടി കമ്പനികള്‍ക്ക് നല്കിയ പ്രോജക്ട് കരാറുകള്‍ പുനഃപരിശോധിക്കാന്‍ ട്രംപ് ഭരണകൂടം, ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് കനത്ത തിരിച്ചടി. ഇന്ത്യയിലെ ഐടി ഭീമന്മാരായ ടിസിഎസ്, ഇന്‍ഫോസിസ് തുടങ്ങിയ കമ്പനികള്‍ക്ക് ട്രംപിന്റെ പുതിയ നീക്കം കനത്ത ആഘാതമാകുമെന്നാണ് സൂചന. നിലവില്‍ യുഎസ് സര്‍ക്കാര്‍ നല്കിയ പ്രോജക്ട് കരാറുകളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി യുഎസ് വാര്‍ത്താ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
നാല് മാസം കൊണ്ടാവും ഈ കരാറുകളുടെ പുരോഗതി യുഎസ് സര്‍ക്കാര്‍ വിലയിരുത്തുക. കോഗ്നിസന്റ്, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ്,ഇന്‍ഫോസിസ് തുടങ്ങിയവയാണ് യുഎസ് സര്‍ക്കാരിന്റെ കരാറുകള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കുന്ന കമ്പനികളില്‍ പ്രമുഖര്‍. കരാര്‍ പുനപ്പരിശോധിച്ച് പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ വിലയിരുത്താനുള്ള ട്രംപിന്റെ നീക്കം അമേരിക്കന്‍ കമ്പനികള്‍ക്ക് നേട്ടമാകുമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കന്‍ തൊഴിലുകള്‍ അമേരിക്കക്കാര്‍ക്ക് എന്ന ട്രംപിന്റെ നയത്തിന്റെ തുടര്‍ച്ചയാണ് പുതിയ തീരുമാനവും എന്നാണ് സൂചന.
പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ പ്രധാന വാഗ്ദാനം കൂടിയായിരുന്നു ഇത്. അങ്ങനെയെങ്കില്‍ അത് ഇന്ത്യന്‍ ഐടി മേഖലയില്‍ വലിയ തോതിലുള്ള തൊഴില്‍ നഷ്ടത്തിനാകും കാരണമാകുക. മാത്രമാല അമേരിക്കന്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ജീവനക്കാരുടേയും ഭാവി ഇതോടെ ഇരുട്ടിലാകും. എച്ച് വണ്‍ ബി വിസ ദുരുപയോഗം ചെയ്യുന്നത് തടയാനായി വിസാ നടപടികള്‍ ശക്തിപ്പെടുത്താന്‍ ട്രംപ് നേരത്തെ തീരുമാനിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല