സ്വന്തം ലേഖകന്‍: ‘മരണഭയം തീരെയുണ്ടായില്ല. കരയുകയോ വിറക്കുകയോ ചെയ്തില്ല. കരുത്തായത് പ്രാര്‍ഥന, യേശുവിന്റെ നാമത്തില്‍ എല്ലാവര്‍ക്കും നന്ദി,’ ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയിലായിരുന്ന ദിവസങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് ഫാ. ടോം ഉഴുന്നാലില്‍. യെമനില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടു പോകുന്നതിനു തൊട്ടുമുമ്പ് കണ്‍മുമ്പില്‍ കൊല്ലപ്പെട്ട നാല് സിസ്റ്റര്‍മാര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചായിരുന്നു ഫാ. ടോമിന്റെ സി.ബി.സി.ഐ ആസ്ഥാനത്തെ സംഭാഷണം തുടങ്ങിയത്. പറയാനുള്ളതെല്ലാം വാര്‍ത്തക്കുറിപ്പായി നല്‍കിയ ശേഷം സംസാരിക്കാനിരുന്ന ടോം തന്റെ മോചനത്തിനായി പണമോ ഏതെങ്കിലും തരത്തിലുള്ള മോചനദ്രവ്യമോ കൊടുത്തതായി അറിവില്ലെന്ന് വ്യക്തമാക്കി.
”കുര്‍ബാന കഴിഞ്ഞ് ചാപ്പലില്‍ പ്രാര്‍ഥിച്ചു കൊണ്ടിരിക്കേയാണ് 2016 മാര്‍ച്ച് അഞ്ചിന് രാവിലെ തട്ടിക്കൊണ്ടുപോയത്. തന്നെ റാഞ്ചിയ സംഘം മറ്റൊരു സംഘത്തിന് കൈമാറി. നിരവധി സമയങ്ങളിലായി ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റപ്പെട്ടു. അപ്പോഴെല്ലാം കണ്ണുകെട്ടിയ നിലയിലായിരുന്നു. അവര്‍ വരുമ്പോഴെല്ലാം കണ്ണുമൂടിവെച്ചിരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പീഡിപ്പിക്കുകയോ മോശമായി സംസാരിക്കുകയോ പെരുമാറുകയോ ചെയ്തില്ല.
തുടക്കത്തില്‍ കൈയും കാലും ബന്ധിച്ചിരുന്ന അവര്‍ പിന്നീട് അത് അഴിച്ചു. രോഗബാധിതനായപ്പോള്‍ ഒന്നു രണ്ടു തവണ മരുന്ന് നല്‍കി. അവരുടെ ആവശ്യങ്ങള്‍ തന്നെക്കൊണ്ട് പറയിച്ച് വിഡിയോ റെക്കോഡ് ചെയ്തു. അവര്‍ പറയാന്‍ ആവശ്യപ്പെട്ടത് അപ്പടി ഏറ്റുപറയുകയാണ് ചെയ്തത്. ഈ സമയത്ത് പശ്ചാത്തലത്തില്‍ ശബ്ദമുണ്ടാക്കി അവര്‍ പീഡിപ്പിക്കാനും അപകടം വരുത്താനും പോകുകയാണെന്ന പോലെ ഭാവിച്ചു. എന്നാല്‍, ഒരിക്കല്‍പോലും അവരെന്നെ ഉപദ്രവിച്ചില്ല.
കഴിഞ്ഞ 18 മാസവും ലോകവുമായി ഒരു തരത്തിലുള്ള ആശയവിനിമയവുമുണ്ടായില്ല. വായുസഞ്ചാരമുള്ള മുറിയിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. ഇരിക്കാനും ഉറങ്ങാനും കിടക്കപോലൊരു കട്ടി കുറഞ്ഞ സ്‌പോഞ്ച് മാത്രമാണുണ്ടായിരുന്നത്. രണ്ട് പ്രാവശ്യം പനിയും ഒരിക്കല്‍ പിടലി വേദനയുമുണ്ടായി. മുറിയില്‍ ഒറ്റക്കായിരുന്നപ്പോള്‍ പാട്ടുപാടിയും പ്രാര്‍ഥന ചൊല്ലിയും ആത്മപ്രകാശനം നടത്തി. ഈ സംഭവമത്രയും എന്നിലുള്ള വിശ്വാസമേറ്റുകയും ദൈവത്തോട് കൂടുതല്‍ അടുപ്പിക്കുകയുമാണ് ചെയ്തത്. മരണഭയം അശേഷമുണ്ടായില്ല. കരയുകയോ വിറക്കുകയോ ചെയ്തില്ല. ഇന്നിപ്പോള്‍ എന്റെ രാജ്യത്ത് തിരിച്ചെത്തുമ്പോള്‍ എല്ലാവര്‍ക്കും നന്ദി പറയുകയാണ്. സര്‍വശക്തനായ ദൈവത്തിനാണ് ആദ്യമായി നന്ദി. യേശുവിന്റെ നാമത്തില്‍ എല്ലാവര്‍ക്കും നന്ദി.’ ഫാ. ടോം പറഞ്ഞു.
രാഷ്ട്രപതി, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശ മന്ത്രി സുഷമ സ്വരാജ്, ഫ്രാന്‍സിസ് മാര്‍പാപ്പ, ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബുസ് തുടങ്ങിയവര്‍ക്കും കത്തോലിക്ക സഭയുടെയും സലേഷ്യന്‍ സമൂഹത്തിനെയും ഉന്നത വൈദികര്‍ക്കും ഫാ. ടോം നന്ദി പറഞ്ഞു. 1973 ല്‍ യമന്‍ സര്‍ക്കാറിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് മദര്‍ തെരേസ മിഷനറീസ് ഓഫ് ചാരിറ്റി ചില കേന്ദ്രങ്ങള്‍ തുടങ്ങിയത്. 2010 ലാണ് ഫാ. ടോം സേവനത്തിനായി യമനിലേക്ക് പോകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല