സ്വന്തം ലേഖകന്‍: യുകെയിലെ വോട്ടര്‍മാരുടെ ഹൃദയം റാഞ്ചാന്‍ ജനപ്രിയ വാഗ്ദാനങ്ങളുമായി ലേബര്‍ പാര്‍ട്ടി നേതാവ് കോര്ബിന്, താന്‍ പ്രധാനമന്ത്രിയായാല്‍ മുതലാളിത്ത നയങ്ങള്‍ തിരുത്തിയെഴുതുമെന്ന് പ്രഖ്യാപനം. അടുത്ത തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് വന്‍ ഭൂരിപക്ഷം ലഭിക്കുമെന്നും താന്‍ പ്രധാനമന്ത്രിയാകുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചായിരുന്നു കഴിഞ്ഞ ദിവസം ലേബര്‍ കോണ്‍ഫറന്‍സില്‍ ജെറമി കോര്‍ബിന്റെ പ്രസംഗം.
കുതിച്ചുയരുന്ന ഭവന വാടക നിരക്കില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച കോര്ബിന് നിലവിലെ സര്‍ക്കാരിന്റെ ഭവന പദ്ധതികള്‍ കലഹരണപ്പെട്ടതാണെന്നും ആരോപിച്ചു. ഗ്രെന്‍ഫെല്‍ കെട്ടിടം സര്‍ക്കാരിന്റെ ഭവന പദ്ധതികളുടെ ദുരന്ത സ്മാരകമായി കോര്ബിന് ഉയര്‍ത്തിക്കാട്ടി. വേതന വ്യവസ്ഥകളില്‍ സ്ത്രീ പുരുഷ സമത്വം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുമെന്ന് പറഞ്ഞ കോര്ബിന് വലിയ ബിസിനസ് സ്ഥാപങ്ങള്‍ക്ക് കൂടിയ നികുതി ഏര്‍പ്പെടുത്തുമെന്നും പ്രഖ്യാപിച്ചു.
പാര്‍ട്ടി കോണ്‍ഫറന്‍സില്‍ ആയിരക്കണക്കിന് ആളുകളെ സാക്ഷി നിറുത്തിയാണ് കോര്ബിന് 75 മിനിറ്റ് നീണ്ട തന്റെ പ്രസംഗം നടത്തിയത്. ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വരുന്ന കാലം വിദൂരമല്ലെന്നു പറഞ്ഞ കോര്ബിന് കഴിഞ്ഞ ദിവസം തെരേസ മേയോട് സ്വയം പിന്മാറുകയോ മറ്റുള്ളവര്‍ക്ക് വഴി തെളിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. സര്‍വകലാശാലാ വിദ്യാര്‍ഥികളുടെ ഫീസ് റദ്ദാക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട കോര്ബിന്, പൊതുമേഖലാ ജീവനക്കാരുടെ ശമ്പള വര്‍ധനയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം എടുത്തു മാറ്റാനും ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല