സ്വന്തം ലേഖകന്‍: പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ കശ്മീര്‍ സന്ദര്‍ശിച്ചു, അതിര്‍ത്തിയിലെ പാക് പ്രകോപനങ്ങള്‍ക്ക് ശക്തമായ താക്കീതുമായി ഇന്ത്യ. പ്രതിരോധമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള മന്ത്രിയുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനമാണിത്. കശ്മീരില്‍ മന്ത്രി ശ്രീനഗര്‍, സിയാച്ചിന്‍ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തുന്നത്. മന്ത്രിയുടെ സന്ദര്‍ശനത്തില്‍ കരസേന മേധാവി ബിപിന്‍ റാവത്ത് അനുഗമിക്കുന്നുണ്ട്.
കശ്മീര്‍ താഴ്‌വരയിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള സൈനിക പോസ്റ്റുകളിലും മന്ത്രി സന്ദര്‍ശനം നടത്തി. കൂടാതെ ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന നിയന്ത്രണരേഖയും മന്ത്രി സന്ദര്‍ശിക്കുന്നുണ്ട്. മന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് പ്രദേശത്ത് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പാകിസ്താന്‍ തുടര്‍ച്ചയായി അതിര്‍ത്തി ലംഘിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം.
അതിനിടെ അതിര്‍ത്തിയിലുണ്ടാകുന്ന പാകിസ്ഥാന്റെ ഏതു പ്രകോപനപരമായ നടപടിക്കും കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇന്ത്യ പാകിസ്ഥാന്റെ അതിര്‍ത്തി സംരക്ഷണസേനയായ പാകിസ്ഥാന്‍ റേഞ്ചേഴ്‌സിലെയും ഇന്ത്യയുടെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിലെയും (ബിഎസ്എഫ്) സീനിയര്‍ സെക്ടര്‍ കമാന്‍ഡര്‍മാരുടെ കൂടിക്കാഴ്ചയില്‍ ശക്തമായ മുന്നറിയിപ്പ് നല്‍കി. പാകിസ്ഥാന്‍ നടത്തുന്ന ആക്രമണത്തിന് തുല്യവും ഒരുപക്ഷേ അതിലും ശക്തിയേറിയതുമായ മറുപടിയായിരിക്കും ഇന്ത്യ നല്‍കുകയെന്ന് ബിഎസ്എഫ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല