സ്വന്തം ലേഖകന്‍: വെറും മുപ്പതു മിനിറ്റിനുള്ളില്‍ ഭൂമിയിലെ ഒരു നഗരത്തില്‍ നിന്ന് മറ്റൊരു നഗരത്തിലേക്ക് റോക്കറ്റ് യാത്ര, അത്ഭുത വാഗ്ദാനവുമായി സ്പേസ് എക്സ് തലവന്‍ എലന്‍ മക്സ്. ഓസ്ട്രേലിയയില്‍ നടന്ന ഇന്റര്‍നാഷണല്‍ ആസ്ട്രോനോട്ടിക്കല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് സ്പേസ് എക്സിന്റേയും ടെസ്ലയുടേയും തലവന്നായ എലന്‍ മസ്ക് അതിശയ വാഗ്ദാനം നല്‍കിയത്.
ബഹിരാകാശത്തേക്ക് യാത്ര ചെയ്യാനുള്ള അതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് തന്നെ ഭൂമിയിലെ നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് യാത്ര ചെയ്യാമെന്നും അത് എങ്ങനെ ആയിരിക്കും എന്നതിന്റെ മാതൃകയും അദ്ദേഹം വേദിയില്‍ പ്രദര്‍ശിപ്പിച്ചു. കൂടിയത് 30 മിനിറ്റിനുള്ളില്‍ നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് റോക്കറ്റുകള്‍ വഴി യാത്രചെയ്യാനാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. അതും വിമാനയാത്രയ്ക്ക് വേണ്ടിവരുന്ന അതേ ചിലവില്‍.
ചൊവ്വയിലേക്കും ചന്ദ്രനിലേക്കും മനുഷ്യനെ അയക്കുന്നതിനുള്ള സാങ്കേതിക വിദ്യയെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മെഗാറോക്കറ്റ് ഉപയോഗിച്ച് ബഹിരാകാശ വാഹനങ്ങളെ ഭ്രമണ പഥത്തില്‍ എത്തിക്കുകയും തുടര്‍ന്ന് അവയെ ഭൂമിയിലെ നിശ്ചിത സ്ഥലത്ത് തിരിച്ചിറക്കുകയും ചെയ്താണ് ഭൂമിയിലെ റോക്കറ്റ് യാത്ര സാധിക്കുന്നത്. എന്നാല്‍ ഈ റോക്കറ്റും ബഹിരാകാശ വാഹനവും ഇപ്പോള്‍ സാങ്കല്പ്പികം മാത്രമാണെന്നും അടുത്ത ആറോ ഒമ്പതോ മാസത്തിനുള്ളില്‍ ഇവയുടെ നിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും എലന്‍ മസ്ക് വെളിപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല