സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ യൂകിപ്പിന് പുതിയ നേതാവ്, നൈജല്‍ ഫെരാജിന്റെ പിന്‍ഗാമിയായി ഹെന്റി ബോള്‍ട്ടന്‍. യുകെ ഇന്‍ഡിപ്പെന്‍ഡന്‍സ് പാര്‍ട്ടിക്ക് (യുകെഐപി) ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ ലഭിച്ച വന്‍ പിന്തുണയെത്തുടര്‍ന്നു രാഷ്ട്രീയ ലക്ഷ്യം സാക്ഷാത്കരിച്ചെന്നു പ്രഖ്യാപിച്ച് നൈജന്‍ ഫെറാജ് നേതൃസ്ഥാനം ഒഴിഞ്ഞിരുന്നു.
തുടര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ പാര്‍ട്ടി മറ്റു രണ്ടുപേരെ നേതൃസ്ഥാനത്തേക്ക് തിരഞ്ഞടുത്തെങ്കിലും ആര്‍ക്കും ആ സ്ഥാനത്ത് അധിക കാലം തുടരാനായില്ല. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടിയാണ് ഹെന്റി ബോള്‍ട്ടന്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് എത്തിയത്. സൈനിക സേവനവും പൊലീസ് സര്‍വീസും കഴിഞ്ഞു രാഷ്ട്രീയത്തില്‍ ഇറങ്ങിയ നേതാവാണ് ബോള്‍ട്ടന്‍.
നേരത്തെ ഫെറാജിന്റെ പിന്‍ഗാമിയായെത്തിയ ഡയാന്‍ ജയിംസ് കേവലം 18 ദിവസമാണു നേതൃസ്ഥാനത്ത് ഇരുന്നത്. പിന്നീടു പാര്‍ട്ടിയുടെ ഏക പാര്‍ലമെന്റ് അംഗമായ പോള്‍ നട്ടല്‍ തലപ്പത്തെത്തി. പൊതു തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് അദ്ദേഹം അപ്രതീക്ഷിതമായി എംപി സ്ഥാനവും പാര്‍ട്ടി നേതൃത്വവും ഒഴിഞ്ഞ് പാര്‍ട്ടി അണികളെ ഞെട്ടിക്കുകയും ചെയ്ത സാഹചര്യത്തിലാണ് യൂകിപ്പിനെ പുതിയ നേതാവെത്തുന്നത്.
അമ്പത്തിനാലുകാരനായ ഹെന്റി ബോള്‍ട്ടന്‍ മുന്‍ സൈനികനാണ്. സൈന്യത്തില്‍നിന്നും പിരിഞ്ഞശേഷം തെയിംസ് വാലി പൊലീസിലും കെന്റ് പൊലീസിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. മുസ്‌ലിം വിരുദ്ധത തുറുപ്പുചീട്ടാക്കി പാര്‍ട്ടി നേതൃത്വത്തിലേക്കു മല്‍സരിച്ച ആന്‍ മേരി വാട്ടേഴ്‌സിനെ രണ്ടാംസ്ഥാനത്തേക്കു പിന്തള്ളിയാണു ബോള്‍ട്ടന്റെ വിജയം എന്നതും ശ്രദ്ധേയമാണ്. ബോള്‍ട്ടന്റെ കീഴില്‍ യൂകിപ്പിന്റെ തീവ്ര വലതുപക്ഷ, മുസ്ലീം വിരുദ്ധ നിലപാടുകള്‍ക്ക് അയവുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ജനങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല