സ്വന്തം ലേഖകന്‍: വരുമാനത്തില്‍ വന്‍ ഇടിവ്. ഏഷ്യയിലേയും യൂറോപ്പിലേയും അച്ചടി ഏഡിഷന് നിര്‍ത്താന്‍ അമേരിക്കന്‍ മാധ്യമ ഭീമനായ വാള്‍സ്ട്രീറ്റ് ജേണല്‍. മാനേജ്മെന്റ് തലത്തിലുള്ള തീരുമാനത്തിന്റെ ഭാഗമായി ഏഷ്യയിലെയും യൂറോപ്പിലെയും അച്ചടി എഡിഷന് നിര്ത്തുന്നുതായയും വരുമാനത്തില്‍ കുറവുണ്ടായതാണ് അച്ചടി നിര്‍ത്താന്‍ കാരണമായെന്നും ന്യൂസ് കോര്‍പ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള പത്രം അറിയിച്ചു.
യൂറോപ്പിലും ഏഷ്യയിലും നാല്പതു വര്‍ഷത്തെ ചരിത്രമുള്ള വാള്‍സ്ട്രീറ്റ് ജേണല്‍ ഏഷ്യയിലെ അച്ചടി ഒക്ടോബര്‍ ഏഴിനു നിര്‍ത്താനാണ് തീരുമാനം. നടപ്പു സാമ്പത്തിക വര്‍ഷം 643 മില്യണ്‍ ഡോളറിന്റെ നഷ്ടമാണ് പത്രത്തിനുണ്ടായതെന്ന് ന്യൂസ് കോര്‍പ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം 235 മില്യണ്‍ ഡോളര്‍ ലാഭം നേടിയ സ്ഥാനത്താണിത്.
1976 ലാണ് വാള്‍സ്ട്രീറ്റ് ജേണല്‍ ഏഷ്യയിലെ എഡിഷന് ആരംഭിച്ചത്. 1983 ല്‍ യൂറോപ്പിലും അച്ചടി തുടങ്ങി. ഇനി യുഎസ് എഡിഷന് മാത്രം ചില നഗരങ്ങളില്‍ ലഭിക്കുമെന്ന് പത്രം അറിയിച്ചു. യൂറോപ്പിലേയും വായനക്കാരെ ഡിജിറ്റല്‍ എഡിഷനിലേക്ക് ആകര്‍ഷിക്കാനാണ് വാള്‍സ്ട്രീറ്റ് ജേണല്‍ പദ്ധതിയിടുന്നത്. നഷ്ടത്തിനിടയിലും പത്രത്തിന്റെ ഡിജിറ്റല്‍ സബ്സ്ക്രിപ്ഷന് ഉയര്‍ന്നിരുന്നു.
ഏഷ്യയില്‍ കമ്പനിയുടെ ആസ്ഥാനം ഹോങ്കോംഗിലാണ്. പത്രത്തിന്റെ ഒരു കോപ്പിക്ക് അവിടെ 2.20 പൗണ്ട് (192.37രൂപ ) ആണ് വില. അതേസമയം ഡിജിറ്റല്‍ സബ്സ്ക്രിപ്ഷന് 82 പൗണ്ടും(7183.28 രൂപ ). കഴിഞ്ഞ മൂന്നു മാസത്തിനിടെ 3,22,000 ഡിജിറ്റല്‍ സബ്സ്ക്രിപ്ഷന് നേടിയ പത്രത്തിന്റെ നിലവില്‍ വരിക്കാര്‍ 12.7 ലക്ഷമാണെന്ന് ജേണല്‍ അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല