സ്വന്തം ലേഖകന്‍: ഭീകരര്‍ തന്നോട് അനുകമ്പ കാട്ടിയത് ഇന്ത്യക്കാരന്‍ ആയതിനാലാണെന്ന് ഫാ. ടോം ഉഴുന്നാലില്‍, ഞായറാഴ്ച കേരളത്തിലേക്ക് തിരിക്കും. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തന്നെ തട്ടിക്കൊണ്ടു പോയപ്പോള്‍ പോലും ആ അനുകമ്പ അവര്‍ പ്രകടിപ്പിച്ചു. ഇന്ത്യയുടെ പാരമ്പര്യത്തിലും പൊതുബോധത്തിലും താന്‍ അഭിമാനിക്കുന്നതായും ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ഫാ. ഉഴുന്നാലില്‍ പറഞ്ഞു.
ഭീകരരുടെ പിടിയിലായിരുന്നപ്പോള്‍ ഒരിക്കല്‍പ്പോലും കരഞ്ഞിട്ടില്ലാത്ത തനിക്കു നാട്ടില്‍ സ്വന്തം ജനങ്ങളുടെ സ്‌നേഹവായ്പിനുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ജാതിമത വ്യത്യാസമില്ലാതെ ലഭിച്ച സ്‌നേഹത്തിനു നന്ദിപറയാന്‍ വാക്കുകളില്ല. ദൈവം പ്രേരിപ്പിച്ചാല്‍ സേവനത്തിനായി വീണ്ടും യെമനിലേക്കു പോകുമെന്നും അഭിമുഖത്തില്‍ ഫാ. ടോം പറഞ്ഞു.
ഐഎസ് ഭീകരരുടെ ബന്ദിയായ 556 ദിവസങ്ങള്‍ കഴിഞ്ഞ ശേഷം ഈ മാസം 12 നാണ് ഫാ. ഉഴുന്നാലില്‍ മോചിതനായത്. തടവറയില്‍നിന്നു മോചിതനായി റോമിലേക്കു തിരിച്ച അദ്ദേഹം കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനേയും കണ്ടിരുന്നു. പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.
റോമില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ വ്യാഴാഴ്ച രാവിലെയാണ് ഫാ. ഉഴുന്നാലില്‍ ഡല്‍ഹിയില്‍ എത്തിയത്. ഞായറാഴ്ച രാവിലെ കേരളത്തില്‍ എത്തുന്ന ഫാ. ഉഴുന്നാലില്‍ ചൊവ്വാഴ്ച തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയനെ കാണും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല