1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 1, 2017

സ്വന്തം ലേഖകന്‍: സ്വതന്ത്ര രാജ്യത്തിനായി സ്‌പെയിനിലെ കറ്റാലന്‍ ജനത ഞായറാഴ്ച ഹിതപരിശോധനയ്ക്ക്, അരുതെന്ന താക്കീതുമായി സ്‌പെയിന്‍. സ്പാനിഷ് ഗവണ്‍മെന്റിന്റെ എല്ലാ വിലക്കുകളും മറികടന്നാണ് കാറ്റലോണിയയില്‍ ജനഹിത പരിശോധന നടത്തുന്നത്. സ്‌പെയിനില്‍ നിന്നു വിട്ട് സ്വതന്ത്രരാജ്യമായി മാറാനാണ് കറ്റാലന്‍ സ്വയംഭരണ പ്രവിശ്യയുടെ ശ്രമം. സ്‌പെയിനിലെ ഏറ്റവും സമ്പന്ന പ്രവിശ്യയായ കാറ്റലോണിയയിലെ ജനങ്ങള്‍ സ്‌പെയിനില്‍ നിന്ന് വ്യത്യസ്തമായ ദേശീയതയുടെ ഭാഗമാണെന്നു കരുതുന്നവരാണ്.

ജനഹിത പരിശോധനയില്‍ എത്ര ശതമാനം പേര്‍ വോട്ടു ചെയ്യണം എന്ന നിബന്ധന വച്ചിട്ടില്ല. ഭൂരിപക്ഷം വിട്ടുപോകാന്‍ തീരുമാനിച്ചാല്‍ 48 മണിക്കൂറിനകം സ്വാതന്ത്ര്യം പ്രഖ്യാപിച്ച് പുതിയ ഭരണഘടന എഴുതാന്‍ തുടങ്ങുമെന്നു കാറ്റലോണിയന്‍ ഭരണകൂടം പ്രഖ്യാപിച്ചു. 53 ലക്ഷം വോട്ടര്‍മാരില്‍ 60 ശതമാനം പേര്‍ വോട്ടു ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. ഹിതപരിശോധന സ്പാനിഷ് സുപ്രിം കോടതി വിലക്കിയിരുന്നു. എന്നാല്‍ വിലക്ക് തങ്ങള്‍ക്കു ബാധകമല്ലെന്നാണ് കാറ്റലോണിയക്കാരുടെ നിലപാട്.

സ്വാതന്ത്ര്യ പ്രഖ്യാപനം ഉണ്ടാകുമെന്നു കണ്ടാല്‍ സ്പാനിഷ് ഭരണഘടനയുടെ 155 ആം ഉപയോഗിച്ച് കാറ്റലോണിയന്‍ ഭരണം ബലമായി ഏറ്റെടുക്കാന്‍ സ്‌പെയിന്‍ ശ്രമിക്കുമെന്നാണ് പ്രധാനമന്ത്രി മരിയാനോ രഹോയ് നല്‍കുന്ന സൂചന. യൂറോപ്യന്‍ യൂണിയനും അമേരിക്കയും ബ്രിട്ടനും സ്പാനിഷ് സര്‍ക്കാരിന് പിന്തുണ നല്‍കുമെന്നാണ് കരുതപ്പെടുന്നത്. കാറ്റലോണിയ വിട്ടുപോകുന്നത് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും വിഘടന ആവശ്യം ഉയരാന്‍ കാരണമാകുമെന്ന ഭയവും സര്‍ക്കാരുകള്‍ക്കുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.