സ്വന്തം ലേഖകന്‍: ആങ് സാന്‍ സൂകി മ്യാന്മറിലെ റോഹിംഗ്യകളുടെ കൂട്ടക്കൊലക്ക് കൂട്ടുനിന്നുവെന്ന ആരോപണം ശക്തമാകുന്നു, സൂകിയുടെ ചിത്രം നീക്കം ചെയ്ത് ഓക്സ്ഫോര്‍ഡ് സര്‍വകലാശാല. നോബല്‍ പുരസ്കാര ജേതാവും മ്യാന്മര് ഫസ്റ്റ് സ്റ്റേറ്റ് കൗണ്‍സിലറുമായ സൂകി സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയാണ്. സൂകിയുടെ ചിത്രം എടുത്തു മാറ്റി പകരം ജാപ്പനീസ് കലാകാരനായ യോഷിഹിറോ തകാഡയുടെ ചിത്രമാണ് അധികൃതര്‍ വെച്ചിരിക്കുന്നത്.
റോഹിങ്ക്യന്‍ കൂട്ടക്കുരുതിക്ക് സൂകി കൂട്ടു നില്‍ക്കുകയാണെന്ന ആരോപണം ശക്തമാകുന്ന സാഹചര്യത്തിലാണ് ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയുടെ നടപടി. അതേ സമയം സൂകിയുടെ ചിത്രം നീക്കം ചെയ്തതിനു പിന്നില്‍ പ്രത്യേക കാരണങ്ങളൊന്നുമില്ലെന്ന് സര്‍വ്വകലാശാല അധികൃതര്‍ പ്രതികരിച്ചു. ഒരു ചെറിയ കാലയളവിലേക്ക് ജാപ്പനീസ് കലാകാരന് യോഷിഹിറോ തകാഡയുടെ ചിത്രം പ്രദര്ശിപ്പിക്കുന്നതിനു വേണ്ടി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ സൂകിയുടെ ചിത്രം മറ്റൊരു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി വെച്ചിരിക്കുകയാണെന്നും സര്‍വ്വകലാശാല വിശദീകരണം നല്കി.
റോഹിങ്ക്യന്‍ പ്രശ്നത്തില്‍ അന്താരാഷ്ട്രതലത്തില്‍ മ്യാന്മര് സര്‍ക്കാരിനും തനിക്കുനേര്ക്കും ഉയരുന്ന പ്രതിഷേധത്തെ കാര്യമാക്കുന്നില്ലെന്ന് സൂകി നേരത്തെ വ്യക്തമാക്കിയിരുന്നു. ആരെയും ആട്ടിയോടിക്കാനോ അഭയാര്‍ത്ഥികളാക്കാനോ അനുവദിക്കില്ല. സങ്കീര്‍ണമായ റോഹിങ്ക്യന്‍ വിഷയത്തില്‍ പ്രശ്നപരിഹാരത്തിനായി പ്രത്യേക സമിതിക്ക് മ്യാന്മാര് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ടെന്നും മതവിശ്വാസത്തിന്റെയോ വംശത്തിന്റെയോ പേരില്‍ ജനങ്ങളെ വിഭജിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും സൂകി പറഞ്ഞിരുന്നു.
ജനാധിപത്യ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയതിന്റെ പേരില്‍ ആങ് സാന്‍ സൂചി 1989 ജൂലൈ 20 മുതല്‍ വിവിധ കാലയളവുകളിലായി 15 വര്‍ഷം വീട്ടുതടങ്കലില്‍ കഴിഞ്ഞിട്ടുണ്ട്. ബര്‍മയിലെ സ്വാതന്ത്ര്യസമരനായകന് ജനറല്‍ ഓങ് സാന്റെയും മാ കിന് ചിയുടെയും മകളായി 1945 ല്‍ ജനിച്ച സൂ ചിക്ക് 1991ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല