സ്വന്തം ലേഖകന്‍: റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കു നേരെ ശ്രീലങ്കയില്‍ ബുദ്ധ സന്യാസിമാരുടെ ആക്രമണം, ആറു പേര് അറസ്റ്റില്‍. ബുദ്ധ സന്ന്യാസിമാരുടെ നേതൃത്വത്തില്‍ ശ്രീലങ്കയിലെ കൊളംബോയ്ക്ക് സമീപം താവളമടിച്ചിരുന്ന റോഹിംഗ്യന്‍ അഭയാര്‍ഥികളെയാണ് സെപ്റ്റംബര്‍ 26 ന് ജനക്കൂട്ടം ആക്രമിച്ചത്. സംഭവത്തില്‍ ആറു പേരെ അറസ്റ്റുചെയ്തു.ആക്രമണത്തിന് നേതൃത്വംനല്‍കിയ സന്ന്യാസിമാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
ഇവരെ പിടികൂടാന്‍ മൂന്നു സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയടക്കം ആറു പേരെ നേരത്തേ അറസ്റ്റു ചെയ്തിരുന്നു. അഞ്ചു മാസം മുമ്പാണ് റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ ശ്രീലങ്കയിലെത്തിയത്. ശ്രീലങ്കയുടെ വടക്കന്‍ തീരത്ത് ഒഴുകി നടക്കുന്ന ബോട്ടില്‍ കണ്ട ഇവരെ നാവികസേന രക്ഷപ്പെടുത്തുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് 31 പേരുള്ള അഭയാര്‍ഥി സംഘത്തെ സര്‍ക്കാര്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
റോഹിംഗ്യകള്‍ക്കു നേരേ ആക്രമണം നടത്തുന്ന മ്യാന്മാറിലെ ബുദ്ധ സന്ന്യാസിമാരുമായി ബന്ധം പുലര്‍ത്തുന്നവരാണ് ശ്രീലങ്കയിലെ സന്ന്യാസിമാരെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബുദ്ധ മതത്തിന് ഭൂരിപക്ഷമുള്ള രാജ്യങ്ങളാണ് ഇവ രണ്ടും. മ്യാന്മറില് റോഹിംഗ്യകള്‍ക്ക് എതിരെ സംഘടിതരായി ബുദ്ധ സന്യാസിമാര്‍ അക്രമം അഴിച്ച വിടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ യുഎന്നിലും ചര്‍ച്ചാ വിഷയമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല