സ്വന്തം ലേഖകന്‍: ‘മുംബൈയില്‍ എത്തട്ടെ നിന്നെ വിവസ്ത്രനാക്കിയില്ലെങ്കില്‍ എന്റെ പേര്…’ വിമാന ജീവനക്കാരനോടുള്ള മോശം പെരുമാറ്റം വൈറലായി, ടിവി താരം അദിത്യാ നാരായണ്‍ മാപ്പു പറഞ്ഞ് തലയൂരി. ബോളിവുഡ് ഗായകന്‍ ഉദിത് നാരായണ്‍ന്റെ മകനും ടെലിവിഷന്‍ താരവുമായ അദിത്യ നാരായണ്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജീവനക്കാരനോട് ദേഷ്യപ്പെടുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്.
റായ്പൂര്‍ എയര്‍പോര്‍ട്ടിലാണ് സംഭവം. വിമാനത്തിലെ സഹയാത്രികനാണ് രംഗം ചിത്രീകരിച്ചിരിക്കുന്നത്. കടുത്ത ഭാഷയിലാണ് അദിത്യാ വിമാന ജീവനക്കാരനോട് പെരുമാറിയത്. ഞാന്‍ മുംബൈയില്‍ എത്തട്ടെ നിന്നെ വിവസ്ത്രനാക്കിയില്ലെങ്കില്‍ എന്റെ പേര് അദിത്യാ നാരായണ്‍ എന്നല്ല എന്നാണ് അദിത്യ പറയുന്നത്. അഞ്ചു പേര്‍ക്കൊപ്പമാണ് അദിത്യ വിമാനത്താവളത്തിലെത്തിയത്.
40 കിലോയില്‍ അധികം ലഗേജ് കൊണ്ടുവന്നതിന് 13000 രൂപ അടക്കണമെന്ന് വിമാനത്താവളത്തിലെ ജീവനക്കാര്‍ ആവശ്യപ്പെട്ടതാണ് അദിത്യയെ ചൊടിപ്പിച്ചത്. 10000 രൂപക്ക് മുകളില്‍ നല്‍കില്ല എന്ന വാശിയിലായിരുന്നു ആദിത്യ. അതേ തുടര്‍ന്നാണ് തര്‍ക്കം ഉണ്ടായത്. അദിത്യ ഇത്തരത്തില്‍ തുടര്‍ന്നും പെരുമാറിയാല്‍ വിമാനത്തില്‍ കയറ്റില്ലന്ന് എയര്‍ലൈന്‍ ജീവനക്കാര്‍ അറിയിച്ചതോടെ അദിത്യ മാപ്പു പറഞ്ഞ് തലയൂരി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല