ബാല സജീവ് കുമാര്‍ (യുക്മ പി.ആര്.ഒ.): സംയുക്ത സൗത്ത് റീജിയണില്‍ നിന്നും നാല് വര്‍ഷം മുന്‍പ് സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് എന്നിങ്ങനെ രണ്ട് റീജണുകളായി വിഭജിച്ചതോടെ നിറംമങ്ങിയ പ്രകടനങ്ങള്‍ക്ക് ഇതാ അവസാനമാകുന്നു. പ്രസിഡന്റ് ലാലു ആന്റണിയുടേയും ജനറല്‍ സെക്രട്ടറി അജിത് വെണ്മണിയുടേയും നേതൃത്വത്തിലുള്ള കമ്മറ്റി കഴിഞ്ഞ ജനുവരി മാസം അധികാരമേറ്റത് മുതല്‍ യുക്മയില്‍ നിര്‍ജ്ജീവമായ അംഗസംഘടനകളെ സജീവമാക്കുന്നതിനും പുതിയ സംഘടനകള്‍ക്ക് അംഗത്വം നല്കി റീജിയണ്‍ കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനുമുള്ള നിതാന്ത പരിശ്രമത്തിലായിരുന്നു. മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ച്ച വച്ചിട്ടുള്ള നിരവധി സംഘടനകളെയാണ് പുതിയതായി സൗത്ത് ഈസ്റ്റ് റീജിയണിലേയ്ക്ക് ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ അംഗങ്ങളായി ചേര്‍ത്തിരിക്കുന്നത്. ആ നിരയിലേയ്ക്ക് ഇതാ ഏറ്റവും ഒടുവിലായി കെ.സി.ഡബ്ലു.എ ക്രോയിഡോണും ഡാര്‍ട്ട് ഫോര്‍ഡ് ഡി.എം.എയും കൂടി അണിചേരുമ്പോള്‍ യു.കെയിലെ മറ്റ് ഏത് പ്രധാന റീജിയണുകളോടും കിടപിടിയ്ക്കത്തക്ക വിധമുള്ള കരുത്തോടെയാണ് സൗത്ത് ഈസ്റ്റ് റീജിയണ്‍ ഒക്ടോബര്‍ 14ന് നടക്കുന്ന റീജിയണല്‍ കലാമേളയ്ക്ക് ഒരുങ്ങുന്നത്.
നാല് പതിറ്റാണ്ടിലധികം വരുന്ന മഹത്തായ പാരമ്പര്യമുള്ള ബ്രിട്ടണിലെ ഏറ്റവും പഴക്കമുള്ള മലയാളി സംഘടനയാണ് കെ.സി.ഡബ്ലു.എ ക്രോയിഡോണ്‍.എല്ലാ വര്‍ഷവും തുടര്‍ച്ചയായി നടത്തി വരുന്ന നിരവധി പരിപാടികളിലൂടെ കെ.സി.ഡബ്ലു.എ (കേരളാ കള്ഛ്കറല് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്) എന്നുള്ളത് ക്രോയിഡോണിലും സജീപപ്രദേശങ്ങളിലുമുള്ള മലയാളികള്‍ക്ക് വെറുമൊരു സംഘടന മാത്രമല്ല, അവരുടെ ജീവിതചര്യയുടെ ഒരു ഭാഗമാണ്. ജാതിമത രാഷ്ട്രീയ ഭേദമന്യേ എല്ലാ ആഘോഷങ്ങളും സംഘടിപ്പിക്കുന്ന കെ.സി.ഡബ്ലു.എ ചാരിറ്റി, ഡാന്‍സ് ക്ലബ്, യൂത്ത് ക്ലബ്, മലയാളം ക്ലാസ്, വിവിധ കായിക ഇനങ്ങള്‍ക്ക് പരിശീലനം എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത പരിപാടികള്‍ ചിട്ടയോടെ നടത്തിവരുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനശൈലി കാഴ്ച്ചവയ്ക്കുന്നവരാണ്.
താഴെ പറയുന്നവരാണ് ഇപ്പോള്‍ കെ.സി.ഡബ്ലു.എയ്ക്ക് നേതൃത്വം നല്‍കുന്നത്
പ്രസിഡന്റ്: സൈമി ജോര്‍ജ്, ജനറല്‍ സെക്രട്ടറി: സജി ലോഹിദാസ്, ട്രഷറര്‍: നസീര്‍ബാബു ബാലകൃഷ്ണന്, വൈസ് പ്രസിഡന്റ്: ജയരാജ് ദാമോദരന്‍, അസിസ്റ്റന്റ് സെക്രട്ടറി: അഭിലാഷ്, അസിസ്റ്റന്റ് ട്രഷറര്‍: സുരേഷ്കുമാര്‍ രാഘവന്, വെല്‍ഫെയര്‍ ഓഫീസര്‍: വിദ്യാസാഗരന് മംഗളവദനന്, അസിസ്റ്റന്റ് വെല്‍ഫയര്‍ ഓഫീസര്‍: മെല്വിന് ഗോമസ്, ആര്‍ട്ട്സ് സെക്രട്ടറി: ഷാ ഹരിദാസ്, അസിസ്റ്റന്റ് ആര്‍ട്ട്സ് സെക്രട്ടറി: അമ്പിളി കരുണാകരന്, സ്പോര്‍ട്ട്സ് സെക്രട്ടറി: സണ്ണി ജനാര്ദ്ദനന്, അസിസ്റ്റന്റ് സ്പോര്‍ട്ട്സ് സെക്രട്ടറി: ജോണ്സണ് ഗീവര്‍ഗ്ഗീസ്, ബോര്‍ഡ് ബെംബര്: പവിത്രന് ദാമോദരന്‍, ചീഫ് അഡ്വൈസര്‍: സുകു പരമു
പുതിയ തലമുറയിലെ അസോസിയേഷനുകളില്‍ സൗത്ത് ഈസ്റ്റില്‍ ഏറ്റവും ശ്രദ്ധേയമായ മലയാളി സംഘടനകളിലൊന്നാണ് ഡാര്‍ട്ട്ഫോര്‍ഡ് ഡി.എം.എ. ഒരു പതിറ്റാണ്ടിലധികമായി ചിട്ടയോടെ പ്രവര്‍ത്തിച്ചു വരുന്ന ഡി.എം.എ യുക്മയില്‍ അംഗമാകുന്നതിന് മുന്‍പ് തന്നെ യുക്മയുടെ പ്രവര്‍ത്തനങ്ങളുമായി വളരെ സജീവമായി സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുള്ളതാണ്. ഈ ഭരണസമിതി നേതൃത്വം ഏറ്റെടുത്തതിനു ശേഷം ആദ്യമായി സെന്‍ട്രല്‍ ലണ്ടനില്‍ സംഘടിപ്പിച്ച നഴ്സസ് കണ്‍വന്‍ഷനില്‍ പ്രതിനിധികളെ പങ്കെടുപ്പിച്ചിരുന്നു. കൂടാതെ യുക്മയുടെ പ്രഥമ വള്ളംകളി മത്സരത്തില്‍ ക്യാപ്റ്റന്‍ ജിബി ജോസഫിന്റെ നേതൃത്വത്തില്‍ ഡാര്‍ട്ട്ഫോര്‍ഡ് ബോട്ട് ക്ലബ് എന്ന പേരില്‍ ടീം മത്സരത്തിനിറങ്ങിയിരുന്നു.
ഡി.എം.എ (ഡാര്‍ട്ട്ഫോര്‍ഡ് മലയാളി അസോസിയേഷന്)ന്റെ നിലവിലുള്ള ഭാരവാഹികള്‍ താഴെ പറയുന്നവരാണ്. പ്രസിഡന്റ്: റിനോള്‍ഡ് മാനുവല്‍, ജനറല്‍ സെക്രട്ടറി: സുരേന്ദ്രന് ആരക്കോട്ട്, ട്രഷറര്‍: സഞ്ജീവ് മേനോന്, വൈസ് പ്രസിഡന്റ്: അനീറ്റ ടോമി, ജോ. സെക്രട്ടറി: റിനി ജോഷി
പുതിയതായി യുക്മ കുടുംബത്തിലേയ്ക്ക് അംഗങ്ങളായി കടന്നു വരുന്ന കെ.സി.ഡബ്ലു.എ ക്രോയിഡോണും ഡാര്‍ട്ട് ഫോര്‍ഡ് ഡി.എം.എയും യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗ്ഗീസ്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല