സ്വന്തം ലേഖകന്‍: സൗദിയില്‍ പ്രവാസികള്‍ക്ക് പേടിസ്വപ്നമായി സ്വദേശിവല്‍ക്കരണം മുന്നോട്ട്, മൂന്നു മാസത്തിനിടെ തൊഴില്‍ നഷ്ടമായത് 61,500 പ്രവാസികള്‍ക്ക്. സൗദി തൊഴില്‍ മന്ത്രാലയം സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കിയതിനു ശേഷമുള്ള മൂന്നു മാസത്തിനിടെയാണ് 61,500 പ്രവാസികളെ പിരിച്ചുവിട്ടത്. തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കുന്ന സൗദിവല്‍ക്കരണ ശ്രമങ്ങള്‍ ഫലം കാണുന്നതിന് തെളിവാണ് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട പുതിയ കണക്കുകള്‍.
ഈ വര്‍ഷം രണ്ടാം പാദത്തെ കണക്കുകള്‍ പ്രകാരം സൗദിയില്‍ 10.79 ദശലക്ഷം വിദേശ തൊഴിലാളികളാണുള്ളത്. ആദ്യ പാദത്തില്‍ 10.85 ദശലക്ഷത്തിലേറെ വിദേശ തൊഴിലാളികളുണ്ടായിരുന്നു. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ സൗദി ജീവനക്കാരുടെ എണ്ണം 3.05 ദശലക്ഷമായി ഉയര്‍ന്നു. ആദ്യ പാദത്തില്‍ ഇത് 3.04 ദശലക്ഷമായിരുന്നു. രണ്ടാം പാദത്തില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ ലഭിച്ചത് പുരുഷന്മാര്ക്കാണ്. 7920 സൗദി പുരുഷന്മാര്ക്കും 5580 സൗദി വനിതകള്‍ക്കും രണ്ടാം പാദത്തില്‍ തൊഴില്‍ ലഭിച്ചു.
എന്നാല്‍ പല മേഖലകളിലും സ്വദേശിവല്‍ക്കരണം നടപ്പാക്കിയെങ്കിലും സൗദിയിലെ തദ്ദേശീയര്‍ക്കിടയില്‍ തൊഴിലില്ലായ്മ വര്‍ധിക്കുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്ത് നിലവിലുള്ള സൗദി തൊഴിലന്വേഷകരില്‍ 80 ശതമാനവും വനിതകളാണ്. 8,59,600 സൗദി വനിതാ ഉദ്യോഗാര്‍ഥികളാണ് രാജ്യത്തുള്ളത്. പുരുഷ ഉദ്യോഗാര്‍ഥികള്‍ 2,16,400 മാത്രമാണ്. ഈ സാഹചര്യത്തില്‍ സ്വദേശിവല്‍ക്കരണം ഇനിയും ഊര്‍ജിതമായി മുന്നോട്ടു പോകുമെന്നാണ് അധികൃതര്‍ നല്കുന്ന സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല