സ്വന്തം ലേഖകന്‍: ഫിഫ അണ്ടര്‍ 17 ലോകകപ്പിന് പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം, അണിഞ്ഞൊര്ങ്ങി കൊച്ചി ഉള്‍പ്പെടെയുള്ള വേദികള്‍, ബ്രസീലും സ്പെയിനും കൊച്ചിയില്‍ പരിശീലനം തുടങ്ങി. ഇന്ത്യയില്‍ ആദ്യമായി വിരുന്നെത്തുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് വരുന്ന 23 ദിവസം രാജ്യത്തെ ആറ് നഗരങ്ങളില്‍ ഫുട്ബോള്‍ ആവേശത്തിന് തിരികൊളുത്തും. ഒക്ടോബര്‍ ആറിന് ന്യൂദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലും നവി മുംബൈയിലെ ഡി.വൈ. പട്ടീല്‍ സ്റ്റേഡിയത്തിലുമാണ് ഉദ്ഘാടന പോരാട്ടങ്ങള്‍. ഗ്രൂപ്പ് ഘട്ടങ്ങള്‍ തീരുന്നതുവരെ ദിവസവും നാല് മത്സരങ്ങള്‍ വീതമാണ് നടക്കുക.
ദല്‍ഹിയില്‍ വൈകിട്ട് അഞ്ചിന് ആദ്യ പോരാട്ടത്തില്‍ കൊളംബിയ ഘാനയെയും മുംബൈയില്‍ ന്യൂസിലാന്‍ഡ് തുര്‍ക്കിയെയും നേരിടും. ഇന്ത്യയുടെ ലോകകപ്പ് അരങ്ങേറ്റവും അന്നുതന്നെയാണ്. ന്യൂദല്‍ഹിയില്‍ രാത്രി എട്ടിന് നടക്കുന്ന കളിയില്‍ എതിരാളികള്‍ അമേരിക്ക. മുംബൈയിലെ രണ്ടാം കളിയില്‍ പരാഗ്വെ മാലിയുമായി ഏറ്റുമുട്ടും. കൊച്ചിയിലെ മത്സരങ്ങള്‍ക്ക് 7 ന് തുടക്കമാകും. ഗ്രൂപ്പ് ഡി പോരാട്ടങ്ങളാണ് കൊച്ചിയില്‍ നടക്കുന്നത്.
ഈ ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ 7 ന് വൈകിട്ട് അഞ്ചിന് ബ്രസീലും സ്പെയിനും കൊച്ചിയില്‍ ഏറ്റുമുട്ടും. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് പോരാട്ടങ്ങള്‍. രാത്രി എട്ടിന് നോര്‍ത്ത് കൊറിയ അരങ്ങേറ്റക്കാരായ നൈജറുമായി പന്തുതട്ടും. അന്നു തന്നെ ഗ്രൂപ്പ് സി പോരാട്ടങ്ങള്‍ക്കും തുടക്കമാകും. ഗോവയിലെ ഫട്ടോര്‍ദ സ്റ്റേഡിയത്തില്‍. ഗോവയിലെ ആദ്യ മത്സരത്തില്‍ ജര്‍മ്മനി കോസ്റ്ററിക്കയെയും രണ്ടാംകളിയില്‍ ഇറാന് ഗിനിയയെയും നേരിടും.
ഗ്രൂപ്പ് ഇ, എഫ് പോരാട്ടങ്ങള്‍ക്ക് തുടക്കം എട്ടിനാണ്. ഇ ഗ്രൂപ്പ് കളികള്‍ ഗുവാഹത്തിയിലും എഫ് പോരാട്ടങ്ങള്‍ കൊല്‍ക്കത്തയിലുമാണ് നടക്കുന്നത്. ഗുവാഹത്തി ഇന്ദിരാഗാന്ധി അത്ലറ്റിക്സ് സ്റ്റേഡിയത്തിലെ ആദ്യ മത്സരത്തില്‍ ന്യൂ കാലിഡോണിയ ഫ്രാന്‍സുമായും രണ്ടാം കളിയില്‍ ഹോണ്ടുറാസ് ജപ്പാനുമായും കളിക്കും. ഗ്രൂപ്പ് എഫില്‍ ആദ്യ പോരാട്ടം ക്ലാസ്സിക്ക് മത്സരമാണ്. ചിലിയും ഇംഗ്ലണ്ടും തമ്മില്‍. രണ്ടാം കളിയില്‍ ഇറാഖ് മെക്സിക്കോയെയും നേരിടും.എല്ലാ ഗ്രൂപ്പുകളിലെയും രണ്ട് ടീമുകളുടെ അവസാന മത്സരത്തിന്റെ വേദിയില്‍ മാറ്റമുണ്ട്.
ഗ്രൂപ്പ് എയില്‍ 12ന് ഇന്ത്യയും ഘാനയും ദല്‍ഹിയില്‍ കളിക്കുമ്പോള്‍ അമേരിക്കയും മെക്സിക്കോയും മുംബൈയിലാണ് അവസാന മത്സരം കളിക്കുക. ഗ്രൂപ്പ് ബിയില്‍ മാലിന്യൂസിലാന്ഡ് മത്സരം ന്യൂദല്‍ഹിയിലും ഗ്രൂപ്പ് സിയില്‍ ഗിനിയജര്മ്മനി കളി കൊച്ചിയിലും ഗ്രൂപ്പ് ഡിയില്‍ നൈജര്ബ്രസീല് പോരാട്ടം ഗോവയിലും ഇയില്‍ ജപ്പാന്ന്യൂ കാലിഡോണിയ കളി കൊല്‍ക്കത്തയിലും എഫില്‍ മെക്സിക്കോചിലി മത്സരം ഗുവാഹത്തിയിലുമാണ് അരങ്ങേറുക.
ലോകകപ്പിനായി കൊച്ചിയില്‍ എത്തിയ ടീമുകള്‍ പരിശീലനം ആരംഭിച്ചു. ബ്രസീല്‍ സ്പെയിന് ടീമുകള്‍ ഒരു മണിക്കൂറോളം പരിശീലനം നടത്തി. ഗ്രൂപ്പ് ഡിയിലെ നാല് ടീമുകളായ ബ്രസീല്‍, സ്പെയിന്, ഉത്തര കൊറിയ, നൈജര്‍ എന്നീ എത്തിയതോടെയാണ് പരീശീലന ഗ്രൗണ്ടുകള്‍ ഉണര്‍ന്നത്. മഹാരാജാസ് മൈതാനത്ത് വൈകീട്ട് 5.30 നാണ് ബ്രസീല്‍ ടീമിന്റെ പരിശീലനം ആരംഭിച്ചത്. മുഖ്യപരിശീലകന്‍ നാസിമെന്റോ ലെമോസിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിശീലനം.
ഫോര്‍ട്ട്കൊച്ചി ഗ്രൗണ്ടിലാണ് സ്പെയിന്റെ പരിശീലനം. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയ്ക്കാണ് ടീം. എത്തിയത്. ഉച്ചയ്ക്കുശേഷം ഉത്തരകൊറിയന്‍ ടീമും നൈജര്‍ ടീമും പരിശീലനം നടത്തിയില്ല. ടീമുകളുടെ പരിശീലനവേദിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. ഗ്രൗണ്ടുകളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ടീമുകളും ഇന്ന്പരിശീലനത്തിനിറങ്ങും. മത്സരത്തിന്റെ ടിക്കറ്റുകളുടെ വിതരണം സ്റ്റേഡിയത്തില്‍ തുടരുന്നതായി സംഘാടകര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല