സഖറിയ പുത്തങ്കളം: മാഞ്ചസ്റ്ററിലെ പ്രസിദ്ധമായ സെന്റ് മേരീസ് ക്നാനായ ഇടവകയുടെ പ്രധാന തിരുനാള്‍ ശനിയാഴ്ച 10.30 വിഥിന്‍ഷോ സെന്റ് ആന്റന്‍സ് ദേവാലയത്തില്‍ ഭക്തിപൂര്‍വ്വമായ പൊന്തിഫിക്കല്‍ കുര്‍ബാനയോടെ ആരംഭിക്കും. പെരുന്നാളിന്റെ മുഖ്യാതിഥിയായ മാര്‍ കുര്യന് വയലുങ്കല്‍ ഇന്നലെ എത്തിച്ചേര്‍ന്നു. പിതാവിന് ഊഷ്മള സ്വീകരണമാണ് ക്നാനായക്കാര്‍ നല്‍കിയത്. 1991 ല്‍ കോട്ടയം അതിരൂപതാ മെത്രാന് മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവില്‍ നിന്നും തിരുപ്പട്ടം സ്വീകരിച്ച വയലുങ്കല്‍ പിതാവ് കോട്ടയം അതിരൂപതയിലെ വിവിധ ദേവാലയങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
അതിനു ശേഷം തന്റെ അജപാലന ധക്ത്യം വത്തിക്കാനിലേക്ക് മാറ്റുകയും റോമിന്റെ ഡെലിഗേറ്റായി വിവിധ രാജ്യങ്ങളില്‍ സേവനം അനുഷ്ഠിക്കുകയും ചെയ്തു. തന്നെ ഏല്‍പ്പിച്ച ദൗത്യങ്ങള്‍ എല്ലാം ദൈവത്തിന്റെയും സഭയുടെയും പരിപാലനയില്‍ അടിയുറച്ചു നിന്ന് കൊണ്ട് നിര്‍വഹിച്ച പിതാവിനെ 2016 ല്‍ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാന്റെ പാപ്പുവാ ന്യൂ ഗിനിയയുടെ അപ്പസ്തോലിക് അംബാസിഡറായി ഉയര്‍ത്തി. അതേ സമയം മാഞ്ചസ്റ്ററില്‍ ക്നാനായക്കാര്‍ ആവേശത്തിലാണ്. ഇടവക മധ്യസ്ഥതയുടെ തിരുന്നാളിന് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തിരുന്നാള്‍ കമ്മിറ്റി അറിയിച്ചു.
യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മാഞ്ചസ്റ്ററില്‍ നിന്നുമുള്ള ദൈവവിശ്വാസികളെ സ്വീകരിക്കാന്‍ മാഞ്ചസ്റ്ററിലുള്ള ക്നാനായക്കാര്‍ ഒരുങ്ങിക്കഴിഞ്ഞു. ശനിയാഴ്ച രാവിലെ 10 മണിക്ക് കൊടി ഉയര്‍ത്തിയതിന് ശേഷം പത്തരയ്ക്ക് പിതാക്കന്മാരെയും വൈദികരെയും സ്വീകരിച്ചു ദേവാലയത്തിലേക്ക് ആനയിക്കുന്നതോട് കൂടി ദിവ്യബലി ആരംഭിക്കും. അതിന് ശേഷം ഭക്തിപൂര്‍വ്വമായ പ്രദക്ഷിണം വയ്ക്കലും അടിമ വയ്ക്കലും കഴുന്നെടുക്കലും നടക്കും.
തുടര്‍ന്ന് സ്നേഹവിരുന്നിനു ശേഷം വിഥിന്‍ഷോ ഫോറം സെന്ററില്‍ കലാസന്ധ്യയും റെഡിച്ചില്‍ നിന്നുമുള്ള നാടകവും അരങ്ങേറും. ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ മെത്രാന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ , ഷ്രൂസ്ബറി രൂപത മെത്രാന് മാര്‍ മാര്‍ക്ക് ഡേവീസും വിവിധ കര്‍മ്മങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാനും മാതാവിന്റെ അനുഗ്രഹം പ്രാപിക്കുവാനും എല്ലാ ദൈവവിശ്വാസികളെയും ഇടവക വികാരിയും ജനറാളുമായ ഫാ. സജി മലയില്‍ പുത്തന്‍പുര സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല