സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ഭീകരവാദികളും മാവോയിസ്റ്റുകളും കുട്ടികളെ റിക്രൂട്ട് ചെയ്യുന്ന പ്രവണത വര്‍ധിക്കുന്നതായി ഐക്യരാഷ്ട്ര സഭാ റിപ്പോര്‍ട്ട്. സായുധകലാപ മേഖലകളിലെ കുട്ടികളെപ്പറ്റിയുള്ള യുഎന്‍ റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ അവസ്ഥയെപ്പറ്റി രൂക്ഷമായ പരാമര്‍ശമുള്ളത്. ഛത്തിസ്ഗഢ്, ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ സായുധ സംഘങ്ങളും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നത് കുട്ടികളെ ഏറെ ദോഷകരമായി ബാധിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ജമ്മു കശ്മീരില്‍ ഇതുവരെ ചുരുങ്ങിയത് 30 സ്കൂളെങ്കിലും സായുധസംഘങ്ങള്‍ തീയിട്ടു നശിപ്പിക്കുകയോ തകര്‍ക്കുകയോ ചെയ്തു. ഇതോടൊപ്പം സൈനിക ആവശ്യത്തിനു വേണ്ടി ആഴ്ചകളോളം നാല് സ്കൂളുകള്‍ ഉപയോഗപ്പെടുത്തിയ കാര്യം സര്‍ക്കാര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. മിക്കയിടത്തും, പ്രത്യേകിച്ച് ഛത്തിസ്ഗഢിലും ജാര്‍ഖണ്ഡിലും കുട്ടികളെ നക്സലൈറ്റുകള്‍ തങ്ങളുടെ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന്റെ വിവരങ്ങള്‍ യുഎന്നിന് ലഭിക്കുന്നുണ്ട്.
ഛത്തിസ്ഗഢില്‍ പല സ്കൂളുകളും നടത്തുന്നത് മാവോയിസ്റ്റുകളാണെന്നും അവിടെ പഠിപ്പിക്കുന്നത് സുരക്ഷാ സൈനികരെ തകര്‍ക്കാനുള്ള തന്ത്രങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തട്ടിക്കൊണ്ടു പോയും മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയുമാണ് സായുധ സംഘങ്ങള്‍ കുട്ടികളെ ഒപ്പം കൂട്ടുന്നത്. പരിശീലനത്തിനു ശേഷം സന്ദേശവാഹകരായും വിവരങ്ങള്‍ നല്‍കുന്നവരായും അല്ലെങ്കില്‍ കുട്ടികളുടെ സേനയിലെ അംഗങ്ങളായും മാറ്റുകയാണ് പതിവ്.
ബിഹാറിലും ജാര്‍ഖണ്ഡിലും ‘ബാല്‍ ദസ്ത’ എന്ന പേരിലാണ് കുട്ടികളുടെ സേന അറിയപ്പെടുന്നത്. തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണിപ്പെടുത്തിയ 23 കുട്ടികളെ ജാര്‍ഖണ്ഡ് പൊലീസ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ രക്ഷപ്പെടുത്തിയിരുന്നു. ഇവരെ പിന്നീട് പൊലീസ് സംരക്ഷണത്തോടെ സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ക്കുകയും ചെയ്തു. ഇത്തരം പ്രവണതകള്‍ വര്‍ധിച്ചു വരുന്നത് യുഎന്‍ ചട്ടങ്ങള്‍ അനുസരിച്ച് ശരിയല്ലെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രശ്നത്തില്‍ ഇടപെട്ട് യുഎന്നിന്റെ കൂടെ സഹകരണത്തോടെ പ്രശ്നപരിഹാരം കാണണമെന്നും സെക്രട്ടറി ജനറല്‍ ഗുട്ടെറസ് ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല