സ്വന്തം ലേഖകന്‍: ലണ്ടന്‍ നഗരത്തില്‍ ഭീതി പരത്തി വീണ്ടും കാര്‍ ആക്രമണം, വെസ്റ്റ് ലണ്ടനില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റി, നിരവധി പേര്‍ക്ക് പരുക്ക്. ലണ്ടന്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യുസിയത്തിന് മുന്നിലാണ് സംഭവം. മ്യുസിയത്തിന് സമീപത്തായി കൂടിനിന്നവര്‍ക്ക് ഇടയിലേക്ക് അക്രമി കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം.
സംഭവ സ്ഥലത്ത് വന്‍ പോലീസ് സന്നാഹം തമ്പടിച്ചിട്ടുണ്ട്. കാര്‍ ഇടിച്ചു കയറ്റിയതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. വെസ്റ്റ് ലണ്ടനിലെ സൗത്ത് കെന്നിങ്സ്റ്റണ് ഭാഗത്തുള്ള ഈ മേഖലയില്‍ വിനോദ സഞ്ചാരികള്‍ എപ്പോഴും കൂട്ടമായി എത്താറുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും എന്താണ് ഡ്രൈവറെ അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു.
അറസ്റ്റിലായ അക്രമിയുടെ പേരു വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. വാഹനം ഇടിക്കുന്നത് കണ്ട വനിതാ പോലീസ് ആളുകളോട് ഉടന്‍ മാറിപ്പോവാന്‍ ആവശ്യപ്പെട്ടത് വലിയ അപകടം ഒഴിവാക്കി. ആക്രമണ വാര്‍ത്ത പുറത്തു വന്നതോടെ ലണ്ടന്‍ നഗരത്തിലെങ്ങും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം മാത്രം വാഹനം കൊണ്ടുള്ള അഞ്ചാമത്തെ അക്രമമാണ് ലണ്ടനില്‍ നടക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല