സ്വന്തം ലേഖകന്‍: സൗദിയില്‍ അല്‍ സലാം കൊട്ടാരത്തിന് സമീപം വെടിവപ്പ്, മൂന്നു പേര് കൊല്ലപ്പെട്ടു, വെടിയുതിര്‍ത്ത യുവാവിനെ സുരക്ഷാ സൈനികര്‍ വെടിവച്ചു കൊന്നു. ജിദ്ദയില്‍ അല്‍ സലാം കൊട്ടാരത്തിന് സമീപമുണ്ടായ വെടിവയ്പ്പിലാണ് മൂന്നു പേര് കൊല്ലപ്പെട്ടത്. അക്രമിയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
സൗദി സ്വദേശിയായ മന്‍സൂര്‍ അല്‍അംരി (28) ആണ് സുരക്ഷ ജീവനക്കാര്‍ക്കു നേരെ വെടിയുതിര്‍ത്തത്. ഇയാളെ ആഭ്യന്തര മന്ത്രാലയും തിരിച്ചറിഞ്ഞു. കലാശ്നിക്കോവ് തോക്കും മൂന്ന് മോലോറ്റോവ് കോക്ടെയ്ലും അക്രമിയില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. അല്‍ സലാം കൊട്ടാരത്തിനു സമീപമുള്ള ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ക്കു നേരെയാണ് മന്‍സൂര്‍ വെടിയുതിര്‍ത്തത്.
അല്‍സലാം കൊട്ടാരത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള പരിശോധന ചെക്ക്പോസ്റ്റിലായിരുന്നു അക്രമി കാറിലെത്തിയത്. വാഹനത്തില്‍ നിന്നിറങ്ങി സുരക്ഷാ ജീവനക്കാര്‍ക്ക് നേരെ ഇയാള്‍ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം 3.15 ഓടെയാണ് സംഭവമുണ്ടായത്. എന്നാല്‍ രാത്രി വൈകിയാണ് ആഭ്യന്തരമന്ത്രാലയം ഇതുസംബന്ധമായ ഔദ്യോഗിക വിവരം പുറത്തുവിട്ടത്.
വേനല്‍ക്കാലത്ത് രാജകുടുംബം ഔദ്യോഗിക ബിസിനസുകള്‍ നടത്തുന്നത് അല്‍ സലാം കൊട്ടാരത്തിലാണ്. അക്രമിയുടെ കാറില്‍നിന്നും കലാഷ്നിക്കോവ് തോക്കും മുന്ന് കൈബോംബുകളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും അക്രമിക്ക് ഭീകര ബന്ധം ഉണ്ടോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അധികൃതര്‍ അറിയിച്ചു. വെടിവപ്പിനെ തുടര്‍ന്ന് കൊട്ടരവും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല